ലൈംഗികാതിക്രമ കേസിനെത്തുടര്ന്ന് ജയിലില് കഴിയുന്ന പ്രമുഖ ഹോളിവുഡ് നിര്മാതാവ് ഹാര്വി വെയ്ന്സ്റ്റൈന് കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് വിവരം.
എന്നാല് വിഷയത്തില് പ്രതികരിക്കാന് ഹാര്വി വെയ്ന്സ്റ്റൈന്റെ വക്താക്കളും യുഎസ് സ്റ്റേറ്റ് ഡിപ്പാര്ട്മെന്റ് ഓഫ് കറക്ഷന്സും വിസ്സമ്മതിച്ചു. ഹാര്വിയ്ക്കെതിരേ ഉയര്ന്ന പരാതികളെത്തുടര്ന്നാണ് മീടു ക്യാമ്പെയ്ന് കത്തിപ്പടര്ന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ന്യൂയോര്ക്ക് നഗരത്തിന് 560 കി.മി ദൂരെയുള്ള ബഫലോയ്ക്കു സമീപമുള്ള ജയിലിലേക്ക് ഹാര്വിയെ മാറ്റിയത്.
ഇതിനു മുമ്പ് റിക്കേഴ്സ് ഐലന്ഡ് ജയിലിലും നെഞ്ചു വേദനയെ തുടര്ന്ന് മാന്ഹാട്ടന് ആശുപത്രിയിലും ഹാര്വി കഴിഞ്ഞിട്ടുണ്ട്.
യുഎസ്സിലെ തിങ്ങിനിറഞ്ഞ ജയിലുകള് കോവിഡ് പടരാനുള്ള സാധ്യത കൂട്ടുന്നുവെന്നാണ് റിപ്പോര്ട്ടുകള്.
കഴിഞ്ഞ ആഴ്ച റിക്കേഴ്സ് ഐലന്ഡ്, ന്യൂയോര്ക്ക് സിങ് തുടങ്ങിയ ജലിലുകളിലെ ജീവനക്കാര്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വെയ്ന്സ്റ്റൈന് 23 വര്ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.
പ്രൊഡക്ഷന് അസിസ്റ്റന്റ് ആയിരുന്ന മിമി ഹാലേയിയെ 2006ലും പുതുമുഖനടിയായ ജെസിക്ക മാനിനെ 2013ലും പീഡിപ്പിച്ചെന്ന കേസിലാണു ശിക്ഷ.
ആഞ്ജലീന ജോളി, ഗിനത്ത് പാള്ട്രൊ തുടങ്ങിയ ഹോളിവുഡ് നടിമാരും മോഡലുകളും ഉള്പ്പെടെ എണ്പതിലേറെ വനിതകളാണ് മീടു ക്യാമ്പെയ്നെത്തുടര്ന്ന് വെയ്ന്സ്റ്റൈനെതിരെ പരാതിപ്പെട്ടത്.