മലയാളികള്‍ക്ക് ഒഴിച്ചു കൂട്ടാനാവാത്ത ഒന്നാണ് വെളിച്ചെണ്ണ. എന്നാല്‍ മലയാളികളുള്‍പ്പെടെ വെളിച്ചെണ്ണ വ്യാപകമായി ഉപയോഗിക്കുന്ന ഇന്ത്യക്കാരുടെ നെഞ്ചിലേക്ക് തീ കോരിയിടുകയായിരുന്നു അമേരിക്കയിലെ ഹാര്ഡ്വാര്ഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍ കരിന്‍ മിഷേല്‍സ് വെളിച്ചെണ്ണയെക്കുറിച്ചുള്ള തന്റെ പരാമര്‍ശത്തിലൂടെ ചെയ്തത്. വെളിച്ചെണ്ണ വിഷമാണെന്നായിരുന്നു മിഷേല്‍സിന്റെ പ്രസ്താവന.
ബാങ്കോക്കിലെ ഏഷ്യ – പസഫിക് കോക്കനട്ട് കമ്യൂണിറ്റിയില്‍ ഒരു പ്രഭാഷണത്തിനിടെയാണ് മിഷേല്‍സ് വിവാദപരമായ പരാമര്‍ശം നടത്തിയത്. വെളിച്ചെണ്ണ വിഷമാണെന്നും നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങളില്‍ ഏറ്റവും മോശമായതുമാണ് ഇതെന്നുമായിരുന്നു മിഷേല്‍സിന്റെ പരാമര്‍ശം. ഇന്ത്യ വെളിച്ചെണ്ണ തിരിച്ചെടുക്കാന്‍ തീരുമാനമെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. 18 രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് മിഷേല്‍സ് ഈ പരാമര്‍ശം നടത്തിയത്.
സംഭവം വിവാദമായതോടെ മിഷേല്‍ ഈ പ്രസ്താവന തിരുത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുകയാണ്. ഹോര്‍ട്ടികള്‍ച്ചറല്‍ കമ്മീഷണര്‍ ബി.എന്‍ ശ്രീനിവാസ മൂര്‍ത്തി പരാമര്‍ശം തിരുത്തണമെന്നാവശ്യപ്പെട്ട് കരിന്‍ മിഷേല്സിന് മെയില്‍ അയച്ചു. ഹര്‍വാര്‍ഡ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് മേധാവിക്കാണ് കത്തയച്ചത്. നിഷേധാത്മകമായ പരാമര്‍ശമാണ് കരിന്‍ മിഷേല്‍സ് നടത്തിയതെന്ന് ശ്രീനിവാസ മൂര്‍ത്തി വിമര്‍ശിച്ചു.
കേരളവും ഇന്ത്യയും കടന്ന് വെളിച്ചെണ്ണ മറ്റ് രാജ്യങ്ങളില്‍ എത്തിയപ്പോള്‍ ഇവയുടെ ഗുണദോഷങ്ങളെ കുറിച്ചും ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. വെളിച്ചെണ്ണയുടെ ഉപയോഗം അമേരിക്കയില്‍ വര്‍ദ്ധിച്ചതോടെ കൊളസ്ട്രോള്‍ കൂടാനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും വെളിച്ചെണ്ണയുടെ അമിത ഉപയോഗം കാരണമാകുമെന്നും ഇത് ഉപയോഗിക്കുന്നത് കുറയ്ക്കണമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മിഷേല്‍സിന്റെ പരാമര്‍ശം. പരാമര്‍ശം തിരുത്തി മിഷേല്‍ വിശദീകരണം നല്‍കണമെന്നാണ് ഇന്ത്യയുടെ ആവശ്യം.
നാളികേരം കേരളീയരുടെ ജീവിതത്തിന്റെ ഭാഗമാണെന്നും നാളികേരമില്ലാത്ത ജീവിതം കേരളീയര്‍ക്ക് ആലോചിക്കാന്‍ കഴിയില്ലെന്നും വെളിച്ചെണ്ണ വിഷമല്ലെന്നുമാണ് മലയാളികളുടെ അനുഭവമെന്നും കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പ്രതികരിച്ചു. മിഷേല്‍ പരാമര്‍ശം തിരുത്തി വിശദീകരണം നല്കാന് കത്ത് അയച്ചതായി മന്ത്രിയും സ്ഥിരീകരിച്ചു. വെളിച്ചെണ്ണയെ തൊട്ടുകളിച്ച മിഷേല്‍സിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഇനി മലയാളികള്‍ പൊങ്കാലയിടുമോയെന്നേ ഇനി അറിയേണ്ടതുള്ളൂ.