ടെൽ അവീവ്: ഇസ്രയേൽ- ഹമാസ് പോരാട്ടം രൂക്ഷമാകുന്നതിനിടെ ഇസ്രേലി കുടുംബത്തെ ഹമാസ് തടവിലാക്കിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.
അച്ഛനും അമ്മയും മൂന്നുമക്കളുമടങ്ങിയ കുടുംബത്തിലെ മൂത്തകുട്ടി കൊല്ലപ്പെട്ടതായാണ് വീഡിയോയിൽ നിന്ന് ലഭിക്കുന്ന സൂചന.
‘ഞാൻ കണ്ടതിൽ വച്ചേറ്റവും വേദന നിറഞ്ഞ വീഡിയോ’ എന്ന കുറിപ്പോടെയാണ് ഇസ്രയേലി ഫെമിനിസ്റ്റ് എമിലി ഷ്രാഡർ വീഡിയോ പങ്കുവച്ചത്.
ദന്പതികളും ഇവരുടെ മകനും മകളും നിലത്ത് ഭയത്തോടെ ഇരിക്കുന്നതും കരയുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്.
രക്തത്തിൽ കുളിച്ച നിലയിലാണ് പിതാവിന്റെ കൈകൾ വീഡിയോയിൽ കാണുന്നത്. പിതാവിന്റെ കൈകളിലെ ചോരയെക്കുറിച്ചു മകൻ ചോദിക്കുന്നതും കാണാം.
സഹോദരി മരിച്ചു, അവൾ ജീവനോടെ ഇരിക്കണമെന്നാണ് ആഗ്രഹിച്ചത് തുടങ്ങി സഹോദരിയുടെ മരണത്തെ സൂചിപ്പിച്ച് ആൺകുട്ടിയും പെൺകുട്ടിയും സംസാരിക്കുന്നത് വീഡിയോയിലുണ്ട്.
വെടിയൊച്ചകൾ മുഴങ്ങുമ്പോൾ നിലത്തുകിടക്കാൻ കുഞ്ഞുങ്ങളോടു മാതാപിതാക്കൾ ആവശ്യപ്പെടുന്നുണ്ട്. തോളിൽ തോക്കുമായി ഒരാൾ ഇവർക്ക് മുന്പിലൂടെ കടന്നു പോകുന്നതും വീഡിയോയിൽ കാണാം.