തൃശൂർ: കേരളത്തിൽ അന്യസംസ്ഥാന ലോട്ടറി വിൽപന നടത്താൻ ധനമന്ത്രി തോമസ് ഐസക് സാന്റിയാഗോ മാർട്ടിനുമായി രഹസ്യ ധാരണയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ പറഞ്ഞു. ധനമന്ത്രിമാരുടെ യോഗം വിളിച്ചപ്പോൾ ജിഎസ്ടിയിൽ നിന്ന് ലോട്ടറിയെ ഒഴിവാക്കണമെന്ന് പറയാതിരുന്നതിന്റെ കാരണം ഇതാണ്. ഇതിന്റെ പിന്നിൽ അഴിമതിയുണ്ടെന്നും തൃശൂർ ഡിസിസിയിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കൂടാതെ ലോട്ടറി ആക്ടിൽ ഭേദഗതി വരുത്തുന്നതിനായി കേന്ദ്ര മന്ത്രാലയത്തിൽ നിന്ന് ഡ്രാഫ്റ്റ അയച്ചുകൊടുത്ത് അഭിപ്രായം ഉടൻ നൽകണമെന്ന് പറഞ്ഞിട്ടും യാതൊരു മറുപടിയും ധനമന്ത്രി നൽകിയിട്ടില്ല. 2016 മേയ് പത്തിനാണ് ധനവകുപ്പ് സെക്രട്ടറിക്ക് അയച്ചുകൊടുത്തത്. ഇതിന് മറുപടി അയക്കാൻ വൈകുന്നത് ലോട്ടറി മാഫിയയെ സഹായിക്കാനാണെന്ന് വ്യക്തമായതായി് എം.എം.ഹസൻ പറഞ്ഞു. ജിഎസ്ടിയിൽ നിന്ന് ലോട്ടറി ഒഴിവാക്കണമെന്നു പറയാതെ അന്യസംസ്ഥാന ലോട്ടറിക്ക് കടന്നുവരാൻ അവസരം ഉണ്ടാക്കികൊടുക്കുകയാണുണ്ടായത്.
ഏജന്റുമാരുടെ കമ്മീഷൻ കുറയ്ക്കുകയും അന്യസംസ്ഥാന ലോട്ടറി വിറ്റാൽ കൂടുതൽ കമ്മീഷൻ ലഭിക്കുകയും ചെയ്യും. ഇതോടെ അന്യസംസ്ഥാന ലോട്ടറി വിൽക്കാൻ കൂടുതൽ ഏജന്റുമാരും തയ്യാറാകും. ഈ നടപടിയും അന്യസംസ്ഥാന ലോട്ടറി വിൽപന സജീവമാക്കാൻ സഹായിക്കും.അന്യസംസ്ഥാന ലോട്ടറി കേരളത്തിൽ വിൽക്കുന്നതിനെതിരെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ഹസൻ പറഞ്ഞു. ജിഎസ്ടിയുടെ മറവിൽ ധനമന്ത്രി വഞ്ചനയാണ് നടത്തിയിരിക്കുന്നത്.
തലസ്ഥാനത്ത് ക്രമസമാധാനം തകർക്കാൻ ഭരിക്കുന്ന പാർട്ടി തന്നെ നേതൃത്വം നൽകുന്നത് ഭീതിജനകമാണ്. സിപിഎം പാർട്ടി പ്രവർത്തകർ തന്നെ നിയമം കൈയിലെടുക്കുകയാണിപ്പോൾ. ബിജെപി പ്രതിപക്ഷത്തായതിനാൽ അവർ ചെയ്യുന്നത് മനസിലാക്കാം. എന്നാൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന പാർട്ടിയുടെ അംഗങ്ങൾ തന്നെ അക്രമം അഴിച്ചുവിടുന്നത് ന്യായീകരിക്കാനാകില്ലെന്നും ഹസൻ വ്യക്തമാക്കി.