കയ്പമംഗലം: ഓഖി ദുരന്തത്തിൽ കയ്പമംഗലം മണ്ഡലത്തിൽ ആദ്യം കടലെടുത്ത എറിയാട് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ ചുള്ളി പാടത്ത് ഹസീനക്ക് വീടായി. പ്രായമായ മാതാപിതാക്കളും ഹസീനയുടെ രണ്ട് കുഞ്ഞു മക്കളും ഓഖി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടപ്പോൾ അലറി വിളിച്ച് കരയുന്നത് അന്ന് ഏവരേയും കണ്ണ് നനയിച്ച കാഴ്ച്ചയായിരുന്നു.
രണ്ട് വർഷം മുൻന്പ് ഓഖി തിരമാലകൾ തീർത്ത ദുരന്തത്തിൽപ്പെട്ട് സ്ഥലവും വീടും നഷ്ടപ്പെട്ടവർക്ക് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ നൽകിയപ്പോൾ മണ്ഡലത്തിൽ ആദ്യം പരിഗണിച്ചത് ഹസീനയുടെ കുടുംബത്തെയായിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തീകരിച്ച് ചുള്ളി പാടത്ത് ഹസീനക്കുള്ള വീടിന്റെ നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ചു. വീട് പാർക്കലിന് ഇ.ടി. ടൈസണ് മാസ്റ്റർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ എത്തിയിരുന്നു.
വീട്ടിലേക്ക് എത്തിയ ടൈസണ് മാസ്റ്ററെ കണ്ടപ്പോൾ ഹസീനയെന്ന വീട്ടമ്മക്ക് കരച്ചിൽ വന്നു. ഇനി എന്തിനാ കരയുന്നേയെന്ന് എം എൽ എ ചോദിച്ചപ്പോൾ ഹസീനയുടെ ചിരിച്ച് കൊണ്ട് തന്റെ മക്കളെ ചേർത്ത് പിടിച്ച് പറഞ്ഞതിങ്ങനെയായിരുന്നു, “ഇത് ആനന്ദ കണ്ണീരാണ് മാഷേ…’.