കോഴിക്കോട്: എക്സൈസുദ്യോഗസ്ഥന്റെ മകന് മയക്കുമരുന്നുമായി പിടിയില്‍. കോഴിക്കോട് മെഡിക്കല്‍കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിയായ നിര്‍മലിനെയാണ് കഴിഞ്ഞ ദിവസം ആര്‍പിഎഫ് പിടികൂടി എക്സൈസിന് കൈമാറിയത്. സംഭവത്തില്‍ എക്സൈസ് കേസെടുത്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ലഹരിയുമായി പിടിയിലായ യുവാവിനെ ജാമ്യത്തില്‍ വിട്ടയച്ചത് ഉന്നതസ്വാധീനത്താലാണെന്ന ആരോപണവും ഇതോടെ ഉയര്‍ന്നു.
അതേസമയം ചെറിയ അളവില്‍ മയക്കുമരുന്ന് പിടികൂടിയാല്‍ ജാമ്യത്തില്‍ വിട്ടയയ്ക്കാമെന്ന് സുപ്രീംകോടതി വിധിയുണ്ടെന്ന് എക്സൈസ് കമ്മീഷണര്‍ എസ്.അനന്തകൃഷ്ണന് രാഷ്ട്രദീപികയോട് പറഞ്ഞു. യുവാവിനെതിരേ കേസെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ഥിയുമായ നിര്‍മലിനെ ശനിയാഴ്ച രാത്രിയാണ് നാല് ഗ്രാം ഹാഷിഷുമായി പിടിയിലായത്.
യുവാവിന്റെ അച്ഛന് എക്സൈസിലെ സുപ്രധാന വിഭാഗത്തിലെ ജോയിന്റ് കമ്മീഷണറാണ്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്നും ആര്‍പിഎഫ് പിടികൂടിയതിന് ശേഷം എക്സൈസിന് കൈമാറുകയായിരുന്നു.
നാല് ഗ്രാം ഹാഷിഷാണ് ഇയാളില്‍നിന്നും പിടിച്ചെടുത്തതെന്ന് എക്സൈസ് അറിയിച്ചു. കോഴിക്കോട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
പ്രതിയെ രാത്രിതന്നെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു . അതേമസയം രണ്ടുദിവസം മുന്‍പ് 2.1 ഗ്രാം ബ്രൗണ്‍ഷുഗറുമായി രണ്ടു യുവാക്കള്‍ പിടിയിലായത് എക്സൈസ് വാര്‍ത്താകുറിപ്പായി ഇറക്കിയിരുന്നു.
ഈ യുവാക്കളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി ഇരുവരെയും റിമാന്‍ഡ് ചെയ്യുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥന്റെ മകനായതിനാലാണ് ഇളവുകളെന്നാണ് ആരോപണമുയരുന്നത്.
അതേസമയം യുവാവിനെതിരേയുള്ള കേസ് നിലനില്‍ക്കുന്നുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. യുവാവിന് കൗണ്‍സിലിംഗ് നല്‍കും. ചട്ടവിരുദ്ദമായി ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
യുവാവ് മയക്കുമരുന്ന് എത്തിച്ചത് ഗോവയില്‍ നിന്ന് ?
കോഴിക്കോട് : എക്സൈസ് ജോയിന്റ് കമ്മീഷണറുടെ മകന് ഹാഷിഷ് കൊണ്ടുവന്നത് ഗോവയില്‍ നിന്നാണെന്ന് സൂചന. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.
കോഴിക്കോട് എക്സൈസ് ഇന്‍സ്പക്ടര്‍ കേസന്വേഷിക്കുന്നുണ്ട്. മയക്കുമരുന്ന് സ്വന്തമായി ഉപയോഗിക്കുന്നതിന് എത്തിച്ചതാണെന്നാണ് എക്സൈസ് പറയുന്നത്.
സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും എക്സൈസ് വ്യക്തമാക്കി. അതേസമയം ഗോവയില്‍ നിന്ന് ആരാണ് മയക്കുമരുന്ന് നല്‍കിയതെന്നും യുവാവ് പറഞ്ഞത് വസ്തുതയാണോയെന്നും പരിശോധിച്ചു വരികയാണ്.