പ്രേതബാധയുള്ള വീടുകളെപ്പറ്റിയും കെട്ടിടങ്ങളെപ്പറ്റിയുമൊക്കെ കേട്ടിട്ടുണ്ടാകും. എന്നാൽ ഒരു ദ്വീപുമുഴുവൻ പ്രേതബാധയുള്ളതായി കേട്ടിട്ടുണ്ടോ. അങ്ങനെയൊരു ദ്വീപുണ്ട്. അങ്ങ് ജപ്പാനിൽ. ആൾത്താമസമില്ലാത്ത കെട്ടിടങ്ങൾ തിങ്ങിനിറഞ്ഞതാണ് ഈ ദ്വീപ്. ഹാഷിമ എന്നാണ് ഈ ദ്വീപിന്റെ പേര്. യുദ്ധക്കപ്പൽ ദ്വീപ് എന്നാണ് ഈ ജാപ്പനീസ് പേരിന്റെ അർഥം. ആകാശത്തുനിന്ന് നോക്കിയാൽ ഒരു യുദ്ധക്കപ്പലിന്റെ രൂപമാണ് ഈ ദ്വീപിനുള്ളത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക അണുബോംബിട്ട നാഗാസാക്കിയിൽനിന്നു വെറും 15 കിലോമീറ്റർ മാത്രം അകലെയായാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. നാഗാസാക്കി പ്രൊവിൻസിലെ 505 ആൾതാമസമില്ലാത്ത ദ്വീപുകളിൽ ഒന്നാണിത്. 1887 മുതൽ 1974 വരെ ഇവിടെ ആൾത്താമസമുണ്ടായിരുന്നു.
കൽക്കരി ഖനനമായിരുന്നു ഈ ദ്വീപുവാസികളുടെ പ്രധാന തൊഴിൽ. മിസ്തുബിഷി എന്ന ജപ്പാനീസ് കന്പനി ഈ ദ്വീപ് വാങ്ങി കടലിനടിയിലുള്ള ഖനികളിൽനിന്ന് കൽക്കരി ഖനനം ചെയ്തെടുത്തിരുന്നു. ഖനിയിലെ തൊഴിലാളികൾക്ക് താമസിക്കാനായി 1916ൽ പണിത അപ്പാർട്ടമെന്റ് ബ്ലോക്കാണ് ഈ ദ്വീപിലെ ആദ്യത്തെ കോണ്ക്രീറ്റ് കെട്ടിടം.
1958 ആയപ്പോൾ ഇവിടത്തെ ജനസംഖ്യ 5,259 ആയി. പതിയെ ജപ്പാനിൽ കൽക്കരിക്ക് പകരം പെട്രോൾ ഉപയോഗിച്ചു തുടങ്ങി. ഇതോടെ 1974ൽ ഇവിടത്തെ ഖനികളുടെ പ്രവർത്തനം നിറുത്തി. ഇവിടത്തെ താമസക്കാരെ മറ്റുസ്ഥലങ്ങളിലേക്ക് സർക്കാർ മാറ്റി താമസിപ്പിച്ചു.
ഒരു ആശുപത്രിയും രണ്ടു സ്കൂളുകളും ഒരു ക്ഷേത്രവും കുറേ കടകളും ഹോട്ടലുകളുമൊക്കെ ഉണ്ടായിരുന്നു ഈ ദ്വീപിൽ. എന്നാൽ ഇവയെല്ലാം പിന്നീട് നശിച്ചു. 2015ൽ യുനെസ്കോ ഈ ദ്വീപിന് ലോക പൈത്യക പട്ടികയിൽ ഇടം നൽകി.
ഖനനമുണ്ടായിരുന്ന സമയത്ത് ധാരാളം കൊറിയൻ തൊഴിലാളികൾ ഇവിടെ ക്രൂര പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. പീഡനങ്ങൾക്ക് വിധേയരായി കൊല്ലപ്പെട്ടവരുടെ ആത്മാക്കൾ ഈ ദ്വീപിൽ അലഞ്ഞു തിരിഞ്ഞ് നടപ്പുണ്ടത്രെ.അതുകൊണ്ടാണ് ഇവിടെനിന്ന് ആളുകളെ ഒഴുപ്പിച്ചതെന്ന് പറയപ്പെടുന്നു.
1974നു ശേഷം ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. എന്നാൽ 2009ൽ ഇത് ടൂറിസ്റ്റുകൾക്കായി തുറന്നുകൊടുത്തു. എന്നാൽ ആരെയും തനിച്ച് ഈ ദ്വീപിനുള്ളിലേക്ക് കടത്തിവിടില്ല. ഏറ്റവും കുറഞ്ഞത് ഒരു ടൂർ ഗൈഡെങ്കിലും സഞ്ചാരിക്കൊപ്പം ഉണ്ടാകണം. ഒരു മണിക്കൂർ മാത്രമെ ദ്വീപിൽ തങ്ങാൻ അനുവദിക്കുകയുള്ളു.
ദ്വീപിലെ എല്ലാ കെട്ടിടങ്ങളിലും കയറാൻ സഞ്ചാരികൾക്ക് അനുമതിയില്ല താനും. ഇവിടത്തെ പല നിരോധിത കെട്ടിടങ്ങളിൽനിന്നും അസാധാരണമായ ശബ്ദങ്ങൾ കേട്ടിട്ടുള്ളതായി ഇവിടം സന്ദർശിച്ചവർ സാക്ഷ്യപ്പെടുത്തുന്നു.