പെരുമ്പാവൂർ: പെരുന്പാവൂരിൽനിന്നു ഹാഷിഷ് ഓയിൽ പിടികൂടിയതുമായി ബന്ധപ്പെട്ടു സിനിമാ മേഖലയിലുള്ളവരെയും ചില ഡോക്ടർമാരെയും കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞദിവസം പിടിയിലായ ഇടുക്കി സ്വദേശി മട്ട് മനോജ് എന്നറിയപ്പെടുന്ന ആന്റണിയെ കൂടുതൽ അന്വേഷണത്തിലായി പോലീസ് കസ്റ്റഡിയിൽ വാങ്ങും.
ആന്റണി ഹാഷിഷ് നൽകി വന്നിരുന്നത് വൻകിട വ്യക്തികൾക്കാണെന്നും ഡോക്ടർമാർക്കും സിനിമാ മേഖലയിലുള്ളവർക്കും ആന്റണി ഹാഷിഷ് നൽകിയിരുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഒരു സിനിമാ നിർമാതാവിന്റ അടുത്ത സുഹൃത്താണ് ആന്റണി. ചില സിനിമകളിൽ ചെറിയ രംഗങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്.
ആന്റണിക്ക് ഹാഷിഷ് നൽകിയ അടിമാലി സ്വദേശിയേയും എറണാകുളത്ത് ഇവ എത്തിച്ചു കൊടുക്കുന്ന ആളെയും ഉടൻ പിടികൂടുമെന്നു കേസ് അന്വേഷിക്കുന്ന സിഐ ബൈജു പൗലോസ് വ്യക്തമാക്കി.
ഏജന്റുമാർ വഴി വിദേശത്തേക്കും ഹാഷിഷ് ഓയിൽ കയറ്റി അയച്ചിരുന്നു. ഇവിടെ കിലോഗ്രാമിന് അഞ്ച് ലക്ഷം മുതൽ 10 ലക്ഷം വരെ ലഭിക്കുന്പോൾ വിദേശവിപണിയിൽ ഒരു ഗ്രാമിനുമാത്രം 50 ഡോളർ മുതൽ 150 വരെ ഡോളർ വരെ കിട്ടും.