തൃശൂർ: മാരക മയക്കുമരുന്ന് ഇനത്തിൽപ്പെട്ട ഒരു കോടി രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ടു സ്ത്രീകളുൾപ്പെടെ നാലു പേർ തൃശൂരിൽ അറസ്റ്റിൽ.
അകലാട് കൊട്ടിലിൽ അഷ്റഫ് (43), ചാവക്കാട് തെക്കരത്ത് വീട്ടിൽ സഫീന (32), പട്ടാന്പി തേലോത്ത് വീട്ടിൽ മുഹമ്മദ് (69), പാലക്കാട് കിഴക്കഞ്ചേരി കാഞ്ഞിരകത്ത് ജയന്തി (40) എന്നിവരെയാണു തൃശൂർ സിറ്റി പോലീസ് ലഹരിവിരുദ്ധ സ്ക്വാഡും ടൗണ്‍ ഈസ്റ്റ് പോലീസും ചേർന്ന് അറസ്റ്റ്ചെയ്തത്.
ആന്ധ്രപ്രദേശിൽനിന്നു കടത്തിക്കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി തെക്കേ ഗോപുരനടയിലാണ് ഇവർ പിടിയിലായത്.
സിറ്റി പോലീസ് കമ്മീഷണർക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള പരിശോധനയിലാണ് അറസ്റ്റ്. പരിശോധനയിൽ ഒരു കിലോഗ്രാം ഹാഷിഷ് ഓയിൽ ഇവരിൽനിന്നു കണ്ടെടുത്തു.
സംഘത്തിലെ അഷ്റഫ് ആണു പ്രധാനിയെന്നു പോലീസ് പറഞ്ഞു. ഇവർ നേരത്തെയും പലതവണ ഹാഷിഷ് ഓയിലും കഞ്ചാവും ആന്ധ്രയിൽ നിന്നെത്തിച്ച് ചാവക്കാട്, വടക്കേക്കാട് പ്രദേശങ്ങളിലും എറണാകുളം ജില്ലയുടെ പലഭാഗങ്ങളിലും വില്പന നടത്തിയിരുന്നതായി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.
കേസുകളിൽ ജാമ്യത്തിലിറങ്ങിയാണു വീണ്ടും ലഹരിക്കടത്ത് ആരംഭിച്ചിരിക്കുന്നത്. ആന്ധ്രയിൽനിന്നു കേരളത്തിലേക്കുള്ള വഴിമധ്യേ പോലീസ് പരിശോധിക്കുന്പോൾ സംശയം തോന്നാതിരിക്കാനാണ് സ്ത്രീകളെ കൂടെ കൂട്ടുന്നത്.
ദിവസങ്ങൾക്കു മുന്‍പ് റെയിൽവേ സ്റ്റേഷനിൽ ഒരു കിലോ ഹാഷിഷ് ഓയിലുമായി ആറു പേരെ സിറ്റി ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയിരുന്നു.
ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാർ, ലഹരിവിരുദ്ധ സ്ക്വാഡ് എസ്ഐ എൻ.ജി. സുവ്രതകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.