പാലക്കാട്: വാളയാറിൽ ഹാഷിഷുമായി നാലു വിദ്യാർഥികൾ അറസ്റ്റിൽ. ഇന്നലെ പുലർച്ചെ കഞ്ചിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് പ്രതികൾ അറസ്റ്റിലായത്. വാളയാർ പോലീസിന്റെ രാത്രികാല പട്രോളിംഗിനിടെ സംശയാസ്പദനിലയിൽ കണ്ട യുവാക്കളെ ചോദ്യം ചെയ്തപ്പോഴാണ് ഹാഷിഷുണ്ടെന്ന വിവരം ലഭിച്ചത്. 96 ഗ്രാം ഹാഷിഷാണ് ഇവരുടെ ബാഗിൽനിന്നു കണ്ടെടുത്തത്.
സംഭവത്തിൽ പെരിന്തൽമണ്ണ ജൂബിലി റോഡ് തട്ടുങ്ങൽ നൂറുൽ അമീന്റെ മകൻ അമീൻ (19), മുവാറ്റുപുഴ പുതുപ്പാടി പുത്തൻപുരയിൽ താഹിറിന്റെ മകൻ തഷരീഫ് നിയാദ് (21), മുവാറ്റുപുഴ ഇടയാട്ടിൽ ഖാദറിന്റെ മകൻ ഷനാഫ് (21), കണ്ണൂർ കുഞ്ചേരി ആയിഷ ഹൗസിൽ അബൂബക്കറിന്റെ മകൻ മുഹമ്മദ് അൻവർ (21) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈവശമുണ്ടായിരുന്ന ഹാഷിഷിനു പതിനായിരത്തിലധികം രൂപ വിലവരും.
നാലുപേരും എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിൽ ചാർട്ടേഡ് അക്കൗണ്ടൻസി വിദ്യാർഥികളാണ്. ന്യൂഇയർ ആഘോഷത്തിനായി ഹിമാചൽപ്രദേശിലെ മണാലിയിൽനിന്നും കൊണ്ടുവന്ന ഹാഷിഷാണിതെന്ന് ഇവർ പറഞ്ഞതായി വാളയാർ പോലീസ് പറഞ്ഞു. എസ്ഐ പി.എം. ലിബിയുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റുചെയ്തത്.