തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ ഹാഷിഷ് വേട്ട. ആഡംബര കാറിൽ ഒളിപ്പിച്ച് കടത്തിയ പതിനൊന്നര കിലോ ഹാഷിഷും രണ്ട് കിലോ കഞ്ചാവുമായി മൂന്ന് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ഹാഷിഷിന് അന്താരാഷ്ട്ര വിപണിയിൽ പതിനൊന്നര കോടി രൂപ വിലപിടിപ്പ് വരുമെന്ന് എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കി. കടുത്തുരുത്തി സ്വദേശി മനു വിൽസണ്‍ (31), കാക്കനാട് സ്വദേശി അൻവർ സാദത്ത് (31), മട്ടാഞ്ചേരി സ്വദേശി രാജൻ (28) എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. അനികുമാറിന്റെ നേതൃത്വത്തിൽ എക്സൈസ് ഇൻസ്പെക്ടർ കൃഷ്ണകുമാർ, കഴക്കൂട്ടം എക്സൈസ് ഇൻസ്പെക്ടർ പ്രദീപ് റാവു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ടി.ആർ.മുകേഷ്കുമാർ, പ്രിവന്റീവ് ഓഫീസർ ദീപുകുട്ടൻ, ബൈജു, സിവിൽ എക്സൈസ് ഓഫീസർമാരായ കൃഷ്ണപ്രസാദ്, സുരേഷ്ബാബു, ജസീം, മണികണ്ഠൻ, അരുണ്‍, പ്രവീണ്‍, സുബിൻ, ഡ്രൈവർമാരായ സുനിൽകുമാർ, സുധീർകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ ഹൈവേയിലൂടെ പിന്തുടർന്ന് പിടികൂടിയത്.
വെണ്‍പാലവട്ടം പാലത്തിന് സമീപം വച്ച് പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞാണ് മൂവരെയും പിടികൂടിയത്. കാർ ഡോറിന്റെ പാനലിലും ഡിക്കിയിലും രഹസ്യ അറ ഉണ്ടാക്കിയാണ് ഹാഷിഷ് എത്തിച്ചതെന്ന് എക്സൈസ് വൃത്തങ്ങൾ വ്യക്തമാക്കി. വാഹനത്തിൽ നിന്നും ഒരു വാളും പിടിച്ചെടുത്തു. ആന്ധ്രാപ്രദേശിൽ നിന്നാണ് ഹാഷിഷ് കൊണ്ട് വന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. തിരുവനന്തപുരത്തെ ഇടപാടുകാരന് നൽകാനായാണ് ഹാഷിഷ് എത്തിച്ചതെന്ന് പ്രതികൾ മൊഴി നൽകി.