കൊച്ചി: അന്പതു ലക്ഷം രൂപ വില മതിക്കുന്ന ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കൾ പിടിയിലായ സംഭവത്തിൽ പ്രതികൾക്ക് ഹാഷിഷ് ഓയിൽ കൈമാറിയ വിശാഖപട്ടണം സ്വദേശിയെ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങി.
കേസുമായി ബന്ധപ്പെട്ട് നെട്ടൂർ പാറയിൽ വീട്ടിൽ സുജിൽ (23), പനങ്ങാട് മാടവന കീരുപറന്പിൽ അൻസൽ (23) എന്നിവരെയാണ് നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ശ്രീ രാമാനന്ദാശ്രമം റോഡിൽനിന്നും കൊച്ചി സിറ്റി ഡാൻസാഫും നോർത്ത് പോലീസും ചേർന്ന് പിടികൂടിയത്.
ഇവരുടെ പക്കൽ നിന്നും 2.3 കിലോഗ്രാം ഹാഷിഷ് ഓയിലാണ് പിടിച്ചെടുത്തത്. പിടിയിലായ രണ്ടു പ്രതികൾക്കുമെതിരേ പനങ്ങാട്, മരട് പോലീസ് സ്റ്റേഷനുകളിൽ നിരവധി മയക്കുമരുന്ന് കേസുകൾ നിലവിലുള്ളതാണ്.
ആന്ധ്രയിലെ ആദിവാസി മേഖലയായ അറക്കുവാലിയിൽനിന്നാണ് പ്രതികൾ മാരക ലഹരിയായ ഹാഷിഷ് ഓയിൽ വില്പനക്കായി കൊച്ചിയിൽ എത്തിച്ചിരുന്നത്.
ആന്ധ്രയിൽനിന്നും ട്രെയിൻ മാർഗം കൊച്ചിയിലെത്തുന്ന പ്രതികൾ ചെറിയ സംഘങ്ങൾക്ക് ഹാഷിഷ് ഓയിൽ വില്പനക്കായി നൽകും. മൂന്ന് ഗ്രാം ഹാഷിഷ് ഓയിലിന് 1000 രൂപയാണ് ഈടാക്കിയിരുന്നത്.
കൊച്ചിയിലെ ആവശ്യക്കാർ ഗൂഗിൾ പേ വഴി പണം അയച്ചു കൊടുത്താണ് ഹാഷിഷ് ഓയിൽ വാങ്ങിയിരുന്നത്. ഇത്തരം ആവശ്യങ്ങൾക്ക് പണം അയയ്ക്കുന്നതിന് ലക്ഷത്തിന് 1,500 രൂപ വരെ കമ്മീഷൻ വാങ്ങുന്ന ഏജന്റുമാർ കൊച്ചിയിലുണ്ടെന്ന് പോലീസ് പറഞ്ഞു.
സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജുവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി കമ്മീഷണർ ശശിധരന്റെ നിർദേശപ്രകാരം നർക്കോട്ടിക് എസിപി അബ്ദുൾ സലാമിന്റെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരെ കഴിഞ്ഞ ഒരുമാസമായി നിരീക്ഷിച്ചുവരികയായിരുന്നു.
നോർത്ത് പോലീസ് ഇൻസ്പെക്ടർ ബ്രിജു കുമാർ, എസ്ഐമാരായ അഖിൽ ദേവ്, ശ്രീകുമാർ, ഡാൻസാഫ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.