കൊച്ചി: ഇടപാടുകാർക്കിടയിൽ ചെറി ബൂമർ എന്ന പേരിൽ അറിയപ്പെടുന്ന മയക്കുമരുന്നിന് ആവശ്യക്കാരേറെയെന്ന് എക്സൈസ്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ മയക്കുമരുന്ന് എത്തിച്ച് വിൽപ്പന നടത്തിയിരുന്ന ഒഡീഷ സ്വദേശി ചെറി ബൂമർ എന്ന് വിളിപ്പേരുള്ള സൂര്യസണ് സേത്ത് (27) പിടിയിലായതോടെയാണ് ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർക്ക് ലഭിച്ചത്.
110 ഗ്രാം ഹാഷിഷ് ഓയിലുമായാണ് ഇയാൾ എക്സൈസ് പിടിയിലായത്. ഒറീസയിലെ കട്ടക്കിൽനിന്നാണ് സംസ്ഥാനത്തേക്ക് ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കട്ടക്ക് ടൗണിലെ അലിഗർ ദാദ എന്നയാളിൽനിന്നാണ് ഇയാൾ മൊത്തമായി ഹാഷിഷ് ഓയിൽ വാങ്ങുന്നതെന്നും ഇതിന് മുന്പ് പല തവണ കേരളത്തിൽ വിവിധ ഇടങ്ങളിൽ കഞ്ചാവും ഹാഷിഷ് ഓയിലും ആവശ്യക്കാർക്ക് എത്തിച്ചു കൊടുത്തിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചതായി എക്സൈസ് സംഘം പറഞ്ഞു.
ചെറി ബൂമർ എന്ന പേരിൽ വില്പന നടത്തിയിരുന്ന ഒരു ഗ്രാം ഹാഷിഷ് ഓയിലിന് 2500 രൂപവരെയാണ് ഈടാക്കിയിരുന്നത്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന ലോബിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും എക്സൈസ് സംഘം അറിയിച്ചു.
പാലക്കാടും തൃശൂരും ആവശ്യക്കാർക്ക് ഹാഷിഷ് ഓയിൽ നൽകിയശേഷം എറണാകുളം പനന്പിള്ളിനഗറിൽ എത്തിക്കുന്നതിന് ഇടനിലക്കാരനെ തിരക്കി ഇയാൾ ആലുവ ചൂണ്ടിയിൽ വരുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലെത്തിയ എക്സൈസ് ഷാഡോ സംഘമാണ് പ്രതിയെ പിടികൂടിയത്.
സംസ്ഥാനത്ത് ട്രെയിനുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്നുകൾ എത്തുന്നുവെന്ന വാർത്തയെതുടർന്ന് റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന കർശനമാക്കിയതോടെ ഇയാൾ കട്ടക്കിൽനിന്നു ട്രെയിൻ മാർഗം ചെന്നൈയിലെത്തി അവിടെനിന്നു ബസിലാണ് കേരളത്തിലേക്ക് എത്തിയിരുന്നത്. മുൻകൂട്ടി ഓർഡർ നൽകുന്നതനുസരിച്ച് ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിച്ച് നൽകുകയായിരുന്നു ഇയാളുടെ രീതി.