എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം തലസ്ഥാനത്ത് വൻ മയക്കു മരുന്നു വേട്ട. 13 കോടി രൂപ വില വരുന്ന ഹാഷിഷ് ഓയിലുമായി അഞ്ചുപേർ അറസ്റ്റിൽ. തിരുവനന്തപുരം എക്സൈസ് ഇൻസ്പെക്ടർ അനികുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പിടികൂടിയത്.
തിരുവനന്തപുരം സ്വദേശികളായ ഷഫീഖ് ,ഷാജൻ ഇടുക്കി സ്വദേശികളായ അനിൽ, ബാബു,റാംബു എന്നിവരാണ് പിടിയിലായത്. ഇടുക്കിയിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് ഇന്നോവ കാറിൽ കൊണ്ടു വരികയായിരുന്നു ഹാഷിഷ്. ഹാഷിഷ് ഓയിൽ കൂടാതെ എട്ടു ലക്ഷത്തി നാൽപതിനായിരം രൂപയും ഇവരിൽ നിന്നും പിടികൂടി.
രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സംഘം ആനയറ കിംസ് ഹോസ്പിറ്റിലിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന വാഹനം കൈകാണിച്ചെങ്കിലും വാഹനം നിർത്താതെ വെട്ടിച്ചു കടന്നു. തുടർന്ന് ആക്കുളം കേന്ദ്രീയ വിദ്യാലയത്തിന് സമീപത്തു വച്ച് എക്സൈസ് സംഘം വാഹനം കുറുകെയിട്ട് ഇവരെ പിടികൂടുകയായിരുന്നു. ഒരു കിലോ ഹാഷിഷിന് ഒരു കോടിയോളം വിലവരുമെന്നാണ് എക്സൈസ് സംഘം പറയുന്നത്.
ഒരു കിലോ വരുന്ന 13 പൊതികളിലായി സൂക്ഷിച്ചിരിക്കുകയായിരുന്നു ഹാഷിഷ്. ഇവരെ കൂടുതൽ ചോദ്യം ചെയ്താൽ മാത്രമെ എവിടെ നിന്നാണ് കൃത്യമായി കൊണ്ടുവന്നതെന്നും ആർക്കാണ് കൊടുക്കാൻ എത്തിച്ചതെന്നും അറിയാൻ കഴിയു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനികുമാറിന് പുറമെ എക്സൈസ് ഇൻസ്പെക്ടർ കൃഷണകുമാർ, കഴിക്കുട്ടം എക്സൈസ് ഇൻസ്പെക്ടർ പ്രതീപ്, അസിസ്റ്റന്റ് ഇൻസ്പെക്ടർ മുകേഷ്, പ്രിവന്റീവ് ഓഫീസർമാരായ ദീപുകുട്ടൻ,സുനിൽ രാജ്,സന്തോഷ് കുമാർ, കൃഷണപ്രസാദ്,ജസീം,ശിവൻ,സുബിൻ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.