സ്വന്തം ലേഖകൻ
തൃശൂർ: ബൈക്കിൽ മലപ്പുറത്തുനിന്നും വിൽപനക്കായി കൊണ്ടുവന്ന അര കിലോ ഹാഷിഷ് ഓയിൽ സഹിതം രണ്ടു പേരെ എക്സൈസ് അറസ്റ്റു ചെയ്തു. മലപ്പുറം പാലപ്പെട്ടി സ്വദേശി കളായ ആലുങ്ങൽ മുഹമ്മദുണ്ണി മകൻ ജാബിർ (28), പുളിക്കൽ കുഞ്ഞിമോൻ മകൻ നൗഷാദ് (30) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
ചാവക്കാട് 13 ഗ്രാം ഹാഷിഷ് ഓയിലുമായി പിടിയിലായ പെരുവല്ലൂർ സ്വാദേശിയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പ്രതികളെ കെണിയിലാക്കിയത്. ഹാഷിഷിന്റെ ആവശ്യക്കാരായി സമീപിച്ച എക്സൈസ് സംഘം പ്രതികളെ കുടുക്കുകയായിരുന്നു. ഹാഷിഷുമായി തൃശൂരിലേക്കു വരാൻ മടിച്ച പ്രതികൾക്ക് മോഹവില വാഗ്ദാനം ചെയ്താണു കുടുക്കിയത്.
കഞ്ചാവിനേക്കാൾ ലഹരിയുള്ള ഹാഷിഷ് വിറ്റാൽ പെട്ടെന്ന് പണമുണ്ടാക്കാമെന്നു മോഹിച്ചാണു ഈ ഇടപാടിന് ഇറങ്ങിയതെന്നു പ്രതികൾ പറഞ്ഞു. വിശാഖപട്ടണത്തുനിന്നു രണ്ടു ലക്ഷം രൂപക്കു വാങ്ങിയ ഓയിൽ പത്തു ഗ്രാം വീതമുള്ള ചെറിയ ഡപ്പികളിലാക്കിയാണ് വില്പന നടത്തിയിയരുന്നത്. ഒരു ഗ്രാമിന് രണ്ടായിരം രൂപയാണ് പ്രതികൾ ഈടാക്കിയിരുന്ന വില. തൃശൂർ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ടി.വി. റാഫേലിന്റെ നേതൃത്വത്തിൽ രണ്ടു ടീമുകളായി നടത്തിയ രഹസ്യ നീക്കത്തിലൂടെ പ്രതികളെ തൃശൂർ പുഴക്കലിലെ മാളിന് സമീപത്തുനിന്ന് പിടികൂടുകയായിരുന്നു.
തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അജയ്കുമാർ, എക്സൈസ് കമ്മീഷണർ ടെ സ്ക്വാഡ് അംഗങ്ങളായ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ജയചന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർ കൃഷ്ണപ്രസാദ്, തൃശൂർ എക്സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ ദക്ഷിണാമൂർത്തി, ജോസഫ്, സന്തോഷ്ബാബു, സുധീർകുമാർ, ബിജു, ദേവദാസ്, സണ്ണി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർ ഷാജി രാജൻ, തൃശൂർ എക്സൈസ് സിഐ ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.