കാസർഗോഡ്: മംഗളൂരുവിൽനിന്നും രോഗിയുമായി തിരുവനന്തപുരത്തേക്ക് മറ്റൊരു ദൗത്യവുമായി ആംബുലൻസ് ഡ്രൈവർ ഹസൻ. കാസർഗോഡ് പള്ളം റോഡിലെ ഇബ്രാഹിമിനെ (68) മംഗളൂരു എ.ജെ. ആശുപത്രിയിൽനിന്നും തിരുവനന്തപുരം ആർസിസിയിലേക്കെത്തിക്കുന്ന ദൗത്യമാണ് ആംബുലൻസ് ഡ്രൈവറായ ഉദുമ മുക്കുന്നോത്തെ ഹസൻ ഏറ്റെടുത്തത്.
എല്ലാ സ്ഥലങ്ങളിലും പോലീസിന്റെയും ആംബുലൻസ് ഡ്രൈവർമാരുടെയും സഹായത്തോടെയാണ് ആംബുലൻസ് കടത്തിവിട്ടത്. റോഡിൽ മാർഗതടസം ഇല്ലാതാക്കാൻ സമൂഹ മാധ്യമങ്ങൾ വഴിയുള്ള ഇടപെടലും നടത്തിയിരുന്നു. ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ ഉദുമയിലെ ഐസിയു ആംബുലൻസിലാണ് രോഗിയെ കൊണ്ടുപോയത്. അവശ്യഘട്ടത്തിൽ ഉപയോഗപ്പെടുത്താനായി മറ്റൊരു ഐസിയു ആംബുലൻസും രോഗിയുമായി പോകുന്ന ആംബുലൻസിനെ പിന്തുടർന്നു. ഇതുകൂടാതെ വഴികാട്ടിയായി എല്ലാ സ്ഥലത്തുനിന്നും മൂന്നാമതൊരു ആംബലൻസും പോലീസിന്റെ അകന്പടിയും ആംബുലൻസിനുണ്ടായിരുന്നു.
എജെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ഇബ്രാഹിമിന് ശ്വാസതടസം അനുഭവപ്പെട്ടതിനെതുടർന്നാണ് അത്യാസന്ന നിലയിലായത്. തിരുവനന്തപുരം ആർസിസിയുമായി ബന്ധപ്പെട്ടപ്പോൾ വിദഗ്ധ ചികിത്സയ്ക്കായി എത്രയുംപെട്ടെന്ന് എത്തിക്കാനായിരുന്നു നിർദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് രോഗിയെ റോഡ്മാർഗം കൊണ്ടുപോയത്. നഴ്സിന്റെ സേവനവും ആംബുലൻസിൽ ഒരുക്കിയിരുന്നു.
ആഴ്ചകൾക്കുമുന്പ് പരിയാരം മെഡിക്കൽ കോളജിൽനിന്നും ഹൃദയ തകരാർ മൂലം ഗുരുതരാവസ്ഥയിലായ ലൈബ ഫാത്തിമയെന്ന പിഞ്ചുകുഞ്ഞിനെ മണിക്കൂറുകൾക്കുള്ളിൽ പരിയാരത്ത്നിന്നും തിരുവന്തപുരത്തെത്തിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ ദൗത്യം മറ്റൊരു ആംബുലൻസ് ഡ്രൈവർ ഏറ്റെടുത്തിരിക്കുന്നത്.
ഓൾ കേരള ആംബുലൻസ് ഡ്രൈവേഴ്സ് അസോസിയേഷന്റെ സഹായത്തോടെയാണ് രോഗിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മൂനീർ ചെമ്മനാട് പറഞ്ഞു.