കൊച്ചിയിലെത്തുന്നതുവരെ വഴിനീളെ എല്ലാവരുടെയും സഹകരണം ലഭിച്ചു! കാസര്‍ഗോഡ് സ്വദേശി ഹസന് ഇത് രണ്ടാം ദൗത്യം; അഞ്ചു മണിക്കൂര്‍ കൊണ്ട് ദൗത്യം പൂര്‍ത്തിയാക്കിയ ഹസന് അഭിനന്ദന പ്രവാഹം

ഹൃദയ ശസ്ത്രക്രിയക്കായി 15 ദിവസം പ്രായമായ കുഞ്ഞിനെയും കൊണ്ട് മംഗലാപുരത്ത് നിന്നും കൊച്ചി അമൃത ആശുപത്രിയിലെത്തിക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് ആംബുലന്‍സ് ഡ്രൈവര്‍. മംഗലാപുരത്തുനിന്ന് ഇവിടെ എത്തുന്നതുവരെ എല്ലാവരുടെയും സഹകരണമുണ്ടായി. കുട്ടിയെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ പറ്റുമെന്ന വിശ്വാസമുണ്ടായിരുന്നു, ഒരു പ്രതിസന്ധിയും നേരിടേണ്ടി വന്നില്ലെന്നും ഡ്രൈവര്‍ ഹസന്‍ ദേളി മാധ്യമങ്ങളോട് പറഞ്ഞു.

കാസര്‍ഗോഡ് സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെ 15 ദിവസം പ്രായമായ കുട്ടിയെ ആദ്യം തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം കേരള എന്ന സന്നദ്ധ സംഘടനയാണ് ഈ ദൗത്യം ഏറ്റെടുത്തത്. ഇതിന് പിന്നാലെ കേരളത്തിലെ മാധ്യമങ്ങളും നവമാധ്യമങ്ങളും ആംബുലന്‍സിന് സുഗമമായ വഴിയൊരുക്കണമെന്ന തരത്തിലുള്ള വാര്‍ത്തകളും നിര്‍ദ്ദേശങ്ങളും നല്‍കികൊണ്ടിരുന്നു.

കെഎല്‍ 60 ജെ 7739 എന്ന നമ്പര്‍ ആംബുലന്‍സില്‍ കുട്ടിയെ കൊണ്ടുപോകവെ ഗുരുതരാവസ്ഥയിലുള്ള കുട്ടിയുടെ ആരോഗ്യനില പരിഗണിച്ച് സര്‍ക്കാര്‍ ഇടപെടുകയും കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. കുഞ്ഞിന്റെ ചികിത്സാ ചെലവ് ഏറ്റെടുക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ പത്തിനാണ് ആംബുലന്‍സില്‍ മംഗലാപുരത്തു നിന്നും തിരുവനന്തപുരത്തേക്ക് കുഞ്ഞിനെ മാറ്റാന്‍ പ്രയത്നം തുടങ്ങിയത്. ഏകദേശം 12 മണിക്കൂറോളം സഞ്ചരിച്ച് കുട്ടിയെ തിരുവനന്തപുരം ശ്രീചിത്രയില്‍ എത്തിക്കാനായിരുന്നു ശ്രമം. ഒടുവില്‍ അഞ്ചര മണിക്കൂര്‍ കൊണ്ട് 400 കിലോമീറ്റര്‍ താണ്ടിയാണ് കുട്ടിയെ കൊച്ചിയില്‍ എത്തിച്ചത്.

അതേസമയം, അടിയന്തിര ഹൃദയ ശസ്ത്രക്രിയ ആവശ്യമുള്ള കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അമൃത ആശുപത്രിയിലെ ശിശുരോഗ വിദഗ്ധരുടെ സംഘമാണ് പരിശോധനകള്‍ക്ക് ശേഷം ഇക്കാര്യം വ്യക്തമാക്കിയത്. ഹൃദയത്തിന് ദ്വാരമുണ്ടെന്നും വാല്‍വിന് തകരാറുണ്ടെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

കുഞ്ഞിന് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ ശസ്ത്രക്രിയ നടത്താനാകില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. മറ്റ് അവയവങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കുട്ടിയിപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.

കാസര്‍ഗോഡ് ജില്ലയിലെ ഉദുമ മുക്കുന്നോത്ത് സ്വദേശിയാണ് ഹസ്സന്‍ ദേളി എന്ന 34 കാരന്‍. ഉദുമ സി.എച്ച് മുഹമ്മദ് കോയ സ്മാരക സെന്ററിന്റെ ആംബുലന്‍സിലാണ് കുഞ്ഞിനെ കൊണ്ട് പോകുന്നത്. ദീര്‍ഘകാലമായി ഹസ്സന്‍ തന്നെയാണ് ഈ ആംബുലന്‍സ് ഓടിക്കുന്നത്.

നേരത്തെയും കാസര്‍ഗോഡ് നിന്നും രോഗിയെ ഹസ്സന്‍ തിരുവനന്തപുരത്ത് എത്തിച്ചിട്ടുണ്ട്. കാസര്‍ഗോഡ് തളങ്കര സ്വദേശിയായ രോഗിയെയാണ് 2017 ഡിസംബര്‍ പത്തിന് മംഗലാപുരത്തെ എ.ജെ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററിലേക്ക് എത്തിച്ചത്. അന്ന് 8 മണിക്കൂറും 45 മിനിറ്റുമാണ് ഹസ്സന്‍ ദൂരം താണ്ടാനെടുത്തത്. ഏറ്റവും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിച്ച ഹസ്സന്‍ അന്ന് നാടിന്റെ ആദരം ഏറ്റുവാങ്ങിയിരുന്നു. ഇത്തവണയും നിരവധി സംഘടനകളും ഡിപ്പാര്‍ട്ട്‌മെന്റുകളും ഹസന് ആദരം അര്‍പ്പിക്കുകയുണ്ടായി. നിവിന്‍ പോളി അടക്കമുള്ള താരങ്ങളും ഹസനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

Related posts