കണ്ണൂർ: റോഡ് വികസനത്തിൽ തൊഴിൽ നഷ്ടപ്പെടുന്ന വ്യാപാരികൾക്ക് തൊഴിൽ ചെയ്യാനുള്ള ബദൽ സംവിധാനവും നഷ്ടപരിഹാരവും നൽകാൻ സർക്കാർ തയാറാകണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഹസൻകോയ വിഭാഗം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി.
സംസ്ഥാന പ്രസിഡന്റ് കെ.ഹസൻകോയ ഉദ്ഘാടനം ചെയ്തു. കുടിയൊഴിപ്പിക്കുന്ന വ്യാപാരികൾക്ക് പുനരധിവാസവും നഷ്ടപരിഹാരവും നൽകാൻ സർക്കാർ തയാറായില്ലെങ്കിൽ വ്യാപാരികൾ പ്രക്ഷോഭരംഗത്ത് വരേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
നാടിന്റെ വികസനങ്ങളിൽ വ്യാപാരികളുടെ പങ്ക് വലുതാണ്. എന്നാൽ കച്ചവടക്കാരുടെ അന്നം മുട്ടിക്കുന്ന വികസന പ്രവർത്തനങ്ങളെ എതിർക്കുക തന്നെ ചെയ്യും. ഇക്കാലത്ത് പലവിധ വ്യാപാര സംഘടനകൾ ഉണ്ടെങ്കിലും വ്യാപാരികളുടെ പൊതുആവശ്യങ്ങൾക്ക് വ്യാപാരി സമൂഹം ഒറ്റക്കെട്ടായി നിൽക്കും.
ദേശീയപാത വികസനത്തിന്റെ പേരിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ബദൽ സംവിധാനം ഉണ്ടാക്കണം. കണ്ണൂർ മുതൽ തിരുവനന്തപുരം വരെ നാലുവരി പാത വരുന്നതോടുകൂടി ആയിരക്കണക്കിന് വ്യാപാരികൾക്ക് തൊഴിൽ നഷ്ടപ്പെടും.
ഇതിന് സർക്കാർ അടിയന്തരമായി പരിഹാരം കാണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി.എഫ്. സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഹാജി, വി. കണ്ണൻ, എം. നസീർ, വി. സുനിൽകുമാർ, വി.എ. ദേവസ്യ, ലിജോ പി. ജോസ്, അഹമ്മദ് പരിയാരം, എൻ. കുഞ്ഞിമൂസ ഹാജി, സി. ബുഷറ, കെ. ഹരിദാസ്, ഇ. മഹമൂദ്, അബ്ദുൾ സലാം പാപ്പിനിശേരി എന്നിവർ പ്രസംഗിച്ചു.