തിരുവനന്തപുരം: രാജ്യസഭ സീറ്റ് കേരള കോണ്ഗ്രസ് ആവശ്യപ്പെട്ടെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. മാണിയെ തിരികെ കൊണ്ടു വരുന്ന കാര്യം എല്ലാവരും അറിഞ്ഞിരുന്നുവെന്നും കെപിസിസിയിലും രാഷ്ട്രീയകാര്യസമിതിയിലും ഇക്കാര്യം ചർച്ച ചെയ്തിരുന്നുവെന്നും ഹസൻ വ്യക്തമാക്കി.
വരുന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ വീഴ്ച ഉണ്ടാകുന്നത് തടയാനാണ് ഇത്തരത്തിൽ തീരുമാനം എടുത്തത്. വേദനയോടെയാണ് താനുൾപ്പെടെയുള്ള നേതാക്കൾ കേരള കോണ്ഗ്രസ് എമ്മിന് രാജ്യസഭ സീറ്റ് വിട്ടു നൽകാൻ തീരുമാനിച്ചത്. പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളുന്നു വെന്നും പ്രതിഷേധം അതിര് കടക്കരുതെന്നും ഇത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും ഹസൻ പറഞ്ഞു.
രഹസ്യ തീരുമാനങ്ങൾ അവശ്യഘട്ടങ്ങളിൽ എടുക്കുന്നത് പാർട്ടിയുടെയും മുന്നണിയുടെയും നല്ലതിന് വേണ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. 11,12 തീയതികളിൽ രാഷ്ട്രീയ കാര്യസമിതി ചേരും.