മരണം കാത്ത് യുഎസിലെ ആശുപത്രിയിൽ കഴിഞ്ഞിരുന്ന രണ്ട് വയസുകാരനായ അബ്ദുള്ള ഹസനെ കാണുവാൻ യെമനിൽ നിന്ന് യാത്രാവിലക്കിൽ ഇളവ് നേടി അമ്മ ഷൈമ എത്തിയത് വാർത്തയായിരുന്നു. അമ്മയെ കണ്ടതിനു പിന്നാലെ കുഞ്ഞ് ഹസൻ മരണമില്ലാത്ത ലോകത്തിലേക്കു വിടവാങ്ങിയ വാർത്തയാണ് ഇപ്പോൾ ലോകത്തെ കണ്ണീരിലാഴ്ത്തുന്നത്.
യെമൻ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ യാത്ര വിലക്കിനെ തുടർന്നാണ് ഹസന്റെ അമ്മ ഷൈമയ്ക്ക് തന്റെ മകനെ കാണുവാൻ സാധിക്കാതിരുന്നത്. സംഭവം വാർത്തയായതിനെ തുടർന്ന് ഷൈമയുടെ യാത്ര വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് പലഭാഗങ്ങളിൽ നിന്നായി ശബ്ദമുയർന്നിരുന്നു. പിന്നീട് ഷൈമയ്ക്ക് ഹസനെ കാണുവാനുള്ള അനുമതിയും ലഭിച്ചു.
ഡിസംബർ 19നാണ് ഷൈമ മകനെ കാണുവാനായി എത്തിയത്. നാളുകളായുള്ള ആഗ്രഹം സാധിച്ച ഷൈമ, ഹസനെ കണ്ടതിനു പിന്നാലെ കുഞ്ഞ് ഈ ലോകത്തു നിന്നും യാത്രയാകുകയായിരുന്നു. ഓക്ലൻഡിലെ യുസിഎസ്എഫ് ബെനിഓഫ് ചിൽഡ്രൻസ് ഹോസ്പിറ്റിൽ വച്ചാണ് ഹസൻ കണ്ണടച്ചത്. തലച്ചോറിലെ ഗുരുതര രോഗമായിരുന്നു കുഞ്ഞ് ഹസന്റെ ജീവനെടുത്തത്.
ഈജിപ്തിൽ വച്ച് വിവാഹിതരായ അലി ഹസനും ഷൈമയും യെമനിൽ താമസിച്ചുവരികയായിരുന്നു. പിന്നീട് കുട്ടിയിൽ രോഗം കണ്ടെത്തിയതിനു പിന്നാലെ അലി ഹസൻ മകനുമായി ചികിത്സയ്ക്ക് അമേരിക്കയിൽ എത്തുകയായിരുന്നു.