പ്രളയത്തില്‍ വീട് നഷ്ടമായ 1000 പേര്‍ക്ക് കെപിസിസിയുടെ കൈത്താങ്ങ്; ആയിരം മണ്ഡലം കമ്മിറ്റികള്‍ അഞ്ച്‌ലക്ഷം രൂപ വീതം സ്വരൂപിക്കും.

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ വീടുകള്‍ നഷ്ടമായ ആയിരം പേര്‍ക്ക് അഞ്ചുലക്ഷം രൂപവീതം ചെലവില്‍ വീടുകള്‍ നിര്‍മിച്ച് നല്‍കാന്‍ കെപിസിസി എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചതായി പ്രസിഡന്‍റ് എം.എം.ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വീടുകളുടെ നിര്‍മാണത്തിന് ആയിരം മണ്ഡലം കമ്മിറ്റികള്‍ അഞ്ച്‌ലക്ഷം രൂപ വീതം സ്വരൂപിക്കും.

ദുരിതബാധിത പ്രദേശങ്ങളിലെ മണ്ഡലം കമ്മിറ്റികളെ ധനസമാഹരണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വീടുകള്‍ക്കുള്ള ഗുണഭോക്താക്കളെ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ കണ്ടെത്തും. കോണ്‍ഗ്രസിന്‍റെ ഇനിയുള്ള പ്രവര്‍ത്തനം ദുരിതാശ്വാസത്തിന് വേണ്ടിയാണ്. മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇതിനായി രംഗത്തിറങ്ങണമെന്നും ഹസന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഇപ്പോള്‍ എത്തുന്ന തുക പ്രളയ ദുരിതത്തിന് മാത്രമായി ഉപയോഗിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പലതിനും ഉപയോഗിക്കുന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന തുക വകമാറ്റരുത്. ഇതിനായി പ്രളയ ദുരിതാശ്വാസ നിധി രൂപീകരിച്ചാലുംകുഴപ്പമില്ല.

കിണറുകളുടെ ശുചീകരണത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുകയും മതിയായ ഫണ്ട് അനുവദിക്കുകയും വേണം. അഞ്ച് ലക്ഷം വരെയുള്ള മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതി തള്ളണം. ഇതിനുള്ള തുക ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും കണ്ടെത്തണമെന്നും ഹസന്‍ പറഞ്ഞു.

Related posts