ഭൂമിയിലെ നല്ലൊരു ശതമാനം മൃഗങ്ങളും മനുഷ്യനോട് ചേര്‍ന്നുള്ള ജീവിതമാണ് നയിച്ചുപോന്നിട്ടുള്ളത്. പ്രത്യേകിച്ച് നായകള്‍. മനുഷ്യനും നായകളും തമ്മിലുള്ള ആത്മബന്ധം വിവരിക്കുന്ന നിരവധി അനുഭവങ്ങളും കഥകളും ചെറുപ്പം മുതല്‍ കേട്ടിട്ടുള്ളവരാണ് എല്ലാവരും. ഉണ്ടചോറിന് നന്ദി കാണിക്കുന്നതില്‍, ബുദ്ധിയുണ്ടെന്ന് സ്വയം അഭിമാനിക്കുന്ന, മനുഷ്യരേക്കാള്‍ ഒരുപടി മുമ്പിലാണ് നായകള്‍ എന്ന് പറയാറുമുണ്ട്. അത്തരത്തില്‍ തന്റെ യജമാനനോട് കാണിച്ച വിശ്വസ്തതകൊണ്ട് വിശ്വപ്രസിദ്ധനായ ഒരു നായയുണ്ട്. ആ നായയുടെ പേരാണ് ഹാച്ചിക്കോ. ലോകം മുഴുവന്‍ അറിയപ്പെടുന്ന ഹാച്ചിക്കോയുടെ സംഭവകഥയിങ്ങനെയാണ്…
1923 നവംബര്‍ 10 ലെ ഒരു തണുപ്പുള്ള സായാഹ്നത്തില്‍ തെരുവില്‍ നിന്നും ഒരു നായകുട്ടിയെ എടുത്തു വീട്ടില്‍ കൊണ്ടുവരുമ്പോള്‍ പ്രൊഫസര്‍ ഹിടെസാബുരോ ഉയേനോ(Hidesaburo Ueno) കരുതിയിട്ടുണ്ടാവില്ല ഈ നായയുടെ പേരില്‍ താന്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന്. ജപ്പാനിലെ ടോകിയോ യുണിവേര്‍സിറ്റിയിലെ കാര്‍ഷിക വിഭാഗത്തിലെ ഒരു പ്രോഫെസര്‍ ആയിരുന്നു ഉയേനോ. ഒരു ദിവസം തന്റെ ജോലി കഴിഞ്ഞു വീട്ടിലേക്കു വരുന്ന വഴിയില്‍ ആണ് അദ്ദേഹം അകിതാ എന്ന ഇനത്തില്‍പെട്ട ഒരു നായക്കുട്ടിയെ തെരുവില്‍ കണ്ടത്. അതിനെ വഴിയില്‍ ഉപേക്ഷിച്ചു പോകാന്‍ അദ്ധേഹത്തിന്റെ നല്ല മനസ് അനുവദിച്ചില്ല. അദ്ദേഹം അവനെ ഹാച്ചികോ എന്ന് പേര് നല്‍കി വളര്‍ത്താന്‍ തുടങ്ങി.
അന്നുമുതല്‍ ഹാച്ചികോ യജമാനനന്‍ ജോലിയ്ക്ക് പോവുമ്പോള്‍ റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടുചെന്നാക്കുകയും തിരിച്ചെത്തുമ്പോള്‍ കൊണ്ടുവരാന്‍ പോവുകയും ചെയ്തിരുന്നു. കൃത്യമായി പറഞ്ഞാല്‍ 1925 മെയ് മാസം 20 വരെ ഇത് തുടര്‍ന്നു പോന്നു. ഉയെനോയുടെ സഹയാത്രികര്‍ക്കും സ്റ്റേഷനിലെ ജോലിക്കാര്‍ക്കും പിന്നെ സ്റ്റേഷന്റെ പുറത്തുള്ള പതിവുകാര്‍ക്കും ഒക്കെ ഇതൊരു സ്ഥിരം കാഴ്ച തന്നെ ആയിരുന്നു. പതിവ് പോലെ 1925 മെയ് 21 ന് ഉയേനോ ജോലിക്ക് പോയി പക്ഷെ അതു അദ്ദേഹത്തിന്റെ അവസാനത്തെ യാത്ര ആയിരുന്നു എന്ന് ആരും അറിഞ്ഞില്ല. യൂണിിവേര്‍സിറ്റിയില്‍ വച്ചുണ്ടായ മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് അദ്ദേഹം മരണപ്പെട്ടു. പക്ഷെ ഇതൊന്നും അറിയാതെ തന്റെ യജമാനന്‍ വരുന്നതും കാത്തു സ്റ്റേഷന്റെ വാതില്‍ക്കല്‍ ഹാച്ചി ദിവസവും കാത്തിരുന്നു, ഒന്നും രണ്ടുമല്ല നീണ്ട 9 വര്‍ഷവും 9 മാസവും 15 ദിവസവും, അതായതു തന്റെ അവസാന ശ്വാസം വരെ ഹാച്ചി തന്റെ യജമാനന് വേണ്ടി കാത്തിരുന്നു. ഹാചിക്കോയുടെ കാത്തിരുപ്പ് ഷിബുയ സ്റ്റേഷനില്‍ ഉള്ളവര്‍ക്ക് ഒരു പുതുമയുള്ള കാര്യം അല്ലായിരുന്നു. അവര്‍ വര്‍ഷങ്ങള്‍ ആയി ഇത് തന്നെ കാണുന്നു.
പക്ഷെ 1932 ഒക്ടോബര്‍ 4 നു അസാഹി ഷിമ്ബുന്‍( Asahi Shimbun) എന്നാ ജാപ്പനീസ് ന്യൂസ് പേപ്പറില്‍ ഹാച്ചികൊയെ പറ്റി ഒരു ലേഖനം വന്നു. 1932 സെപറ്റംബറില്‍-ല്‍ ഉയെനോയുടെ ഒരു ശിഷ്യനായ ഹിരോകിച്ചി സൈടോ ഹാച്ചിയുടെ കാത്തിരുപ്പിന്റെ കഥ അറിയാനിടായി. അന്നുമുതല്‍ സൈടോ ഹാച്ചിയെ നിരീക്ഷിക്കാന്‍ തുടങ്ങി. എല്ലാ ദിവസവും കൃത്യം തന്റെ യജമാനന്‍ ദിവസും വന്നുകൊണ്ടിരുന്ന ട്രെയിന്‍ വരുന്ന സമയം ആകുമ്പോള്‍ ഹാച്ചി ഷിബുയ സ്റ്റേഷന്റെ വാതിലില്‍ അദേഹത്തെ പ്രതീക്ഷിച്ചു കാത്തിരിക്കും, കുറെ സമയം കഴിയുമ്പോള്‍ അവന്‍ എങ്ങോട്ടോ പോകും. പിന്നെയും ഇത് തന്നെ ആവര്‍ത്തിച്ച്കൊണ്ടിരുന്നു.
ഒരു ദിവസം സൈടോ ഹാചിയെ പിന്തുടര്‍ന്നു കികുസാബോറോ കൊബായാഷി (ഗശസൗ്വമയീൃീ ഗീയമ്യമവെശ) എന്ന ആളുടെ വീട്ടില്‍ ചെന്നു. കൊബായാഷി, പ്രൊഫസര്‍ ഉയെനോയുടെ പഴയ ഒരു ജോലിക്കാരന്‍ ആയിരുന്നു. അദ്ദേഹമാണ് സൈടോയോട് ഹാച്ചിയുടെ പഴയ യജമാനനോടുള്ള ആത്മാര്‍ത്ഥതയുടെയും സ്‌നേഹത്തിന്റെയും കരളലിയിപ്പിക്കുന്ന കഥ വിവരിച്ചത്. പ്രൊഫസര്‍ ഉയെനോയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബം മറ്റൊരു സ്ഥലത്തേക്ക് മാറി താമസിക്കുക ഉണ്ടായി. പോയപ്പോള്‍ അവര്‍ ഹാചിയെയും കൂടെ കൊണ്ടുപോയി, പക്ഷെ കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഹാച്ചി അവിടേക്ക് തന്നെ തിരിച്ചു വന്നു. പിന്നെ അവന്‍ എങ്ങും പോയിട്ടില്ല, തന്റെ പ്രിയപ്പെട്ട യജമാനന്റെ വരവും കാത്തു ശിഷ്ടകാലം അവിടെ തന്നെ കഴിഞ്ഞു.
ഇത്രയും കാര്യങ്ങള്‍ അറിഞ്ഞ സൈടോ ഹാച്ചികൊയുടെ ഈ കാത്തിരുപ്പിന്റെ അവിശ്വസനീയമായ കഥ അസാഹി ഷിമ്ബുന്‍( Asahi Shimbun) എന്നാ ജാപ്പനീസ് ന്യൂസ് പേപ്പറില്‍ പ്രസിദ്ധീകരിച്ചു. ഹാച്ചിയുടെ ഈ കഥ വളരെ പെട്ടന്ന് ജപ്പാന്‍ മുഴവനും പിന്നെ ലോകം മുഴുവനും പരന്നു. ഹാച്ചികോ ജപ്പാന്റെ ദേശിയ വികാരം തന്നെ ആയി മാറി. അതിനു ശേഷം ഹാച്ചിയെ കാണാനും അവന്റെ കഥ അറിയാനും നൂറു കണക്കിന് ആള്‍ക്കാര്‍ ഷിബുയ സ്റ്റേഷനില്‍ എത്താന്‍ തുടങ്ങി. ഹാച്ചിയുടെ യജമാനനോടുള്ള കൂറും വിശ്വസ്തതയും ജപ്പാനിലുള്ള ആള്‍ക്കാര്‍ പോലും മാതൃക ആക്കാന്‍ ശ്രമിച്ചു. എന്തിനേറെ ജപ്പാനിലെ മാതാപിതാക്കളും അധ്യാപകരും അര്‍പ്പണ ബോധത്തിന്റെ മാതൃകയായി കുട്ടികള്‍ക്ക് ഹാച്ചിയുടെ കഥ പറഞ്ഞു കൊടുക്കാന്‍ തുടങ്ങി. ചുരുക്കിപറഞ്ഞാല്‍ ഹാച്ചികൊയുടെ ഐതിഹാസികമായ വിശ്വസ്തതയും കൂറും ജപ്പാന്റെ ദേശീയ പ്രതീകം തന്നെ ആയി മാറി.
ഒരു ലേഖനം കൊണ്ട് ഹാച്ചികോയുടെ കഥ സൈടോ നിര്‍ത്തിയില്ല. വര്‍ഷങ്ങളോളം ഹാച്ചികോയുടെ ഓരോ നീക്കങ്ങളും അദ്ദേഹം നിരീക്ഷിക്കുകയും അവനെക്കുറിച്ചുള്ള ഓരോ കാര്യങ്ങളും വാര്‍ത്തയാക്കുകയും ചെയ്തു. അവന്‍ പത്രത്തില്‍ ഹാച്ചിയുടെ കഥ വര്‍ഷങ്ങളോളം എഴുതികൊണ്ടിരുന്നു. 1934 ഏപ്രിലില്‍ ഹാച്ചികൊയുടെ ഒരു വെങ്കല പ്രതിമ ഷിബുയ സ്റ്റേഷന്റെ മുന്‍പില്‍ സ്ഥാപിക്കുക ഉണ്ടായി, ഹാച്ചിയുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു പ്രതിമയുടെ ഉത്ഘാടനം നടന്നത്. പക്ഷെ രണ്ടാം ലോക മഹായുദ്ധത്തില്‍ ഈ പ്രതിമ നശിച്ചു പോയി. അതിനു ശേഷം 1948 ഓഗസ്റ്റില്‍ പുതിയ പ്രതിമ സ്ഥാപിച്ചു. പ്രതിമക്കു അടുത്തുള്ള ഷിബുയ സ്റ്റേഷന്റെ എന്ട്രന്‍സിനു ഹാച്ചികൊയുടെ ആദരസുചകമായി Hachiko-Guchi എന്നു നാമം നല്‍കുകയും ചെയ്തു. 1935 മാര്‍ച്ച് 8 നു ഹാച്ചികോ ഈ ലോകത്തോട് യാത്ര പറഞ്ഞു.
ഷിബുയയിലെ ഒരു തെരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു. മരണാനന്തരം ഹാച്ചിയുടെ മൃതദേഹം സ്ടഫ് ചെയ്തു ടോകിയോയിലെ നാഷണല്‍ സയന്‍സ് മ്യുസിയം ഓഫ് ജപ്പാനില്‍ സ്ഥാപിച്ചു. കൂടെ ഹാച്ചിയുടെ ഒരു സ്മാരകം തന്റെ പ്രിയപ്പെട്ട യജമാനന്റെ ശവക്കല്ലറക്ക് സമീപം സ്ഥാപിക്കുകയും ചെയ്തു. കാന്‍സര്‍ മൂലമാണ് ഹാച്ചി മരിച്ചതെന്ന് 2011 മാര്‍ച്ചില്‍ ശാസ്ത്രലോകം സ്ഥിതീകരിച്ചു. ഹാച്ചികൊയുടെ ചരമ വാര്‍ഷികം എല്ലാ വര്‍ഷവും ഏപ്രില്‍ 8 നു ഷിബുയ റെയില്‍വേ സ്റ്റേഷനില്‍ നൂറു കണക്കിന് ശ്വാന പ്രേമികളുടെ സാന്നിദ്ധ്യത്തില്‍ ഇപ്പോഴും നടത്തിവരുന്നു. ഇതിനൊക്കെ പുറമേ, ഹാച്ചികൊയുടെ കഥ ആസ്പദമാക്കി നിരവധി സിനിമകളും ഡോക്യുമെന്ററികളും ഇറങ്ങി. സിനിമകളുടെ ചിത്രീകരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍പ്പോലും ഹാച്ചികോയുടെ പ്രതിമകള്‍ സ്ഥാപിക്കുകയുണ്ടായി. അറിയപ്പെടാത്ത എത്രയോ ഹാച്ചിക്കോമാര്‍ വേറെയും ലോകത്തുണ്ടായിരുന്നിരിക്കണം…മനുഷ്യര്‍ പാഠമാക്കേണ്ടതു തന്നെയാണ് ഈ ജീവിതങ്ങള്‍.