കോട്ടയം: ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരേ അപ്പീൽ നൽകുമെന്ന് ഹാദിയയുടെ പിതാവ് അശോകൻ. ഒരു ഭീകരനൊപ്പം മകളെ വിവാഹം കഴിപ്പിച്ച് അയയ്ക്കാൻ ഏതൊരു അച്ഛനും വിഷമമുണ്ടാകും. എന്നാൽ കോടതി വിധിയെ വിമർശിക്കുന്നതു ശരിയല്ല. പരാതിയുമായി വീണ്ടും മുന്നോട്ടുപോകും. ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യുന്പോൾ മകൾ വിവാഹം കഴിച്ചിരുന്നില്ലെന്നും അശോകൻ പ്രതികരിച്ചു.
ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഭർത്താവ് ഷെഫിൻ ജെഹാൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഉത്തരവുണ്ടായത്. ഹാദിയ-ഷെഫിൻ ജഹാൻ ദന്പതികളുടെ വിവാഹത്തിന് നിയമസാധുത ഉണ്ടെന്നും ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ച് വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി തെറ്റാണെന്നും സുപ്രീംകോടതി വിധിച്ചു.
വിവാഹം റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം, ഷെഫിൻ ജഹാനെതിരായ എൻഐഎ അന്വേഷണം തുടരാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.