കോഴിക്കോട്: ഷെഫിൻ ജഹാനുമായുള്ള വിവാഹം സുപ്രീംകോടതി ശരിവെച്ചതോടെ തനിക്ക് സ്വാതന്ത്ര്യം കിട്ടിയെന്ന് ഹാദിയ. കൂടെ നിന്ന എല്ലാവര്ക്കും നന്ദി പറയുന്നതായും കോഴിക്കോട് പോപ്പുലര്‍ ഫ്രണ്ട് ഓഫീസിലെത്തിയ ശേഷം ഹാദിയ പറഞ്ഞു.
ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കുക എന്നത് ഭരണഘടന നല്കുന്ന മൗലീകാവകാശമാണ്. എന്നാൽ താൻ മതം മാറാൻ തീരുമാനിച്ചപ്പോൾ ആ മതത്തിലുള്ള പല സംഘടനകൾ പോലും തന്നെ സഹായിച്ചില്ല. മതം മാറാൻ സ്വാതന്ത്ര്യമില്ലെയെന്നും ഹാദിയ ചോദിച്ചു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മാത്രമാണ് തന്നെ സഹായിച്ചത്. മറ്റ് പല മുസ്ലിം സംഘടനകളെയും സമീപിച്ചെങ്കിലും സഹായിച്ചില്ല. പകരം സഹായിച്ചവരെ പോലും കുറ്റപ്പെടുത്തുകയായിരുന്നു. ഇസ്ലാം മതത്തിലേക്ക് മാറിയത് കൊണ്ടാണ് ഇത്രയും ചർച്ചയായതെന്നും ഹാദിയ പറഞ്ഞു.
ഹാദിയയും ഷെഫിൻ ജഹാനും പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഇ.അബൂബക്കറുമായി കൂടിക്കാഴ്ച നടത്തി. കോടതിവിധിയുടെ പകർപ്പ് ലഭിച്ച ശേഷം കൂടുതൽ കാര്യങ്ങൾ വെളപ്പെടുത്താമെന്നു ഹാദിയ പറഞ്ഞു.