സെബി മാത്യു
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഹത്രാസ് പീഡനക്കേസിൽ മാനഭംഗം നടന്നിട്ടില്ലെന്നും അപകടമരണമാണെന്നുമുള്ള കണ്ടെത്തലുമായി പ്രത്യേക എസ്സി-എസ്ടി കോടതി.
ഉത്തർപ്രദേശിലെ ഹത്രാസിൽ 19 വയസുള്ള ദളിത് യുവതി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടു എന്ന കേസിൽ മാനഭംഗം നടന്നുവെന്നു തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടെന്നാണ് പ്രത്യേക കോടതി ജഡ്ജി ത്രിലോക് പാൽ സിംഗിന്റെ വിലയിരുത്തൽ.
കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന മൂന്നുപേരെ വിട്ടയച്ച വിധിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
മാനഭംഗം നടന്നുവെന്ന കാര്യം പ്രത്യേക കോടതി തള്ളിക്കളഞ്ഞതിനാൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള തയാറെടുപ്പിലാണ് പെണ്‍കുട്ടിയുടെ കുടുംബം.
പ്രത്യേക കോടതി ജഡ്ജിയുടെ 167 പേജുകളുള്ള വിധിന്യായത്തിൽ അപകടമരണം എന്നുതന്നെയാണ് വിശേഷിപ്പിച്ചിട്ടുള്ളത്.
സംഭവം നടന്ന് എട്ടു ദിവസത്തിനുശേഷവും പെണ്‍കുട്ടിക്ക് സംസാരിക്കാൻ കഴിഞ്ഞിരുന്നു. ഈ സമയത്തൊന്നും പ്രതിക്ക് കൊല്ലാൻ ഉദ്ദേശ്യമുള്ളതായി മൊഴി നൽകിയിട്ടില്ല.
മാത്രമല്ല, ബലാത്സംഗം ചെയ്യപ്പെട്ടു എന്നതിന് മെഡിക്കൽ തെളിവുകളില്ലെന്നും വിധിയിൽ പറയുന്നു.
ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി എന്നതു സാക്ഷ്യപ്പെടുത്തുന്ന ഒന്നുംതന്നെ മെഡിക്കൽ പരിശോധനാ ഫലങ്ങളിൽ ഇല്ലെന്നും വിധിയിൽ വ്യക്തമാക്കുന്നു.
കൂട്ടമാനഭംഗം നടന്നുവെന്നതും കോടതി തള്ളിക്കളയുന്നു. സംഭവം നടന്ന് അഞ്ചു ദിവസത്തിനുശേഷം സംസാരിച്ചപ്പോഴും പെണ്‍കുട്ടി ഇക്കാര്യം സൂചിപ്പിച്ചിട്ടില്ലെന്നാണ് വിധിയിൽ പറയുന്നത്.
കേസിൽ മാനഭംഗം നടന്നുവെന്ന് പ്രോസിക്യൂഷന് തെളിയിക്കാനായിട്ടില്ലെന്നാണ് വ്യാഴാഴ്ചത്തെ വിധിയിൽ പറയുന്നത്.
ഹത്രാസിൽ പെണ്‍കുട്ടി അതിക്രൂരമായി കൊല്ലപ്പെട്ട ദിവസംതന്നെ പോലീസ് കുടുംബത്തെ അറിയിക്കാതെ മൃതദേഹം ദഹിപ്പിച്ചത് ഏറെ വിവാദങ്ങൾക്കു വഴിതെളിച്ചിരുന്നു.
മാനഭംഗക്കുറ്റം ചുമത്തിയാണ് 2020 സെപ്റ്റംബർ 14ന് ഉയർന്ന സമുദായത്തിൽപ്പെട്ട നാലു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ സ്വമേധയാ കേസെടുത്ത അലാഹാബാദ് ഹൈക്കോടതി അന്വേഷണം സിബിഐക്ക് വിട്ടിരുന്നു.
സംഭവത്തിൽ പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായിട്ടില്ലെന്നാണ് തുടക്കംമുതൽ യുപി സർക്കാർ സ്വീകരിച്ചിരുന്ന നിലപാട്.
എന്നാൽ, ബോധപൂർവം തെളിവുകൾ നശിപ്പിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഈ വാദത്തിനെതിരേ അന്നുതന്നെ ശക്തമായ പ്രതിഷേധമുയർന്നിരുന്നു.
കോടതി വിട്ടയച്ചവരിൽ ലവ് കുഷ്, രാമു, രവി എന്നിവർക്കെതിരേ പട്ടികജാതി-പട്ടികവർഗ അക്രമനിരോധന നിയമപ്രകാരവും കൊലപാതക കുറ്റവുമാണ് ചുമത്തിയിരുന്നത്.
എന്നാൽ, കുറ്റകൃത്യം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്നാണ് ജഡ്ജി ത്രിലോക് പാൽ സിംഗ് വിധിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
നിലവിൽ സന്ദീപ് എന്ന വ്യക്തി മാത്രമാണ് കേസിൽ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത് കൊലപാതകത്തിനു കാരണമാകാത്ത ആക്രമണക്കുറ്റവും പട്ടികജാതി-പട്ടികവർഗ അക്രമ നിരോധന നിയമത്തിലെ വകുപ്പുകളുമാണ്.
സന്ദീപിന് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഇയാളുടെ പേരിലുള്ള മാനഭംഗക്കുറ്റം ഒഴിവാക്കിയെങ്കിലും 50,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്.
ഇതിൽ 40,000 രൂപ പെണ്‍കുട്ടിയുടെ അമ്മയ്ക്കു നൽകാനാണു നിർദേശം. പിഴത്തുക നൽകിയില്ലെങ്കിൽ രണ്ടു വർഷംകൂടി തടവുശിക്ഷ അനുഭവിക്കണം.
നിലവിൽ 30 മാസമായി ഇയാൾ ജയിലിലാണ്. എന്നാൽ, ജീവപര്യന്തം തടവിനെതിരേ സന്ദീപിന്റെ കുടുംബം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.