ന്യൂഡൽഹി: ഉത്തര്‍പ്രദേശിലെ ഹാത്രസിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം 130 ആയി ഉയർന്നതായി റിപ്പോർട്ട്. 121 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. പരിക്കേറ്റ നൂറോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണു റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിന് എൻഡിആർഫിന്റെ മെഡിക്കൽ ടീം എത്തിയിട്ടുണ്ട്.
ആൾദൈവമായ ഭോലെ ബാബ എന്ന് വിളിക്കുന്ന സകർ വിശ്വഹരിയുടെ നേതൃത്വത്തിൽ നടന്ന സത്സംഗിൽ (പ്രാർഥനായോഗം) പങ്കെടുക്കാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ഹാത്രസിലെ സിക്കന്ദർ റൗവിലെ പാടത്ത് താത്കാലിക പന്തൽ കെട്ടിയാണ് ചടങ്ങ് നടത്തിയത്.
ഭോലെ ബാബയെ ആദരിക്കാനായിരുന്നു സത്സംഗ്. ചടങ്ങ് അവസാനിച്ചപ്പോൾ ഭോലെ ബാബയുടെ ദർശനത്തിനായി ഭക്തർ തിരക്കു കൂട്ടിയപ്പോഴായിരുന്നു അപകടം.
ബാബയുടെ കാൽ പതിഞ്ഞ മണ്ണ് ശേഖരിക്കാനും ഭക്തർ ശ്രമിച്ചു. ഭോലെ ബാബയുടെ കാർ കടന്നുപോകുന്നതു വരെ ജനക്കൂട്ടം പോകരുതെന്നു നിർദേശിച്ചിരുന്നതായി സംഘാടകർ പറഞ്ഞു. സ്ത്രീകളാണ് അപകടത്തിൽ മരിച്ചവരിൽ ഏറെയും.
ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയിൽ അനുവദിച്ചതിലും അധികം പേർ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തൽ. മരണസംഖ്യ ഉയരാൻ കാരണം ആശുപത്രികളിലെ സൗകര്യക്കുറവാണെന്നു മരിച്ചവരുടെ ബന്ധുക്കൾ ആരോപിച്ചു. ആവശ്യത്തിന് ഡോക്ടർമാരോ ആംബുലൻസുകളോ ഓക്സിജനോ ആശുപത്രിയിൽ ഇല്ലായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.
ദുരന്തത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവിൽ പോയി. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്. അപകടസ്ഥലം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് സന്ദർശിക്കും. സംഭവത്തിൽ യുപി സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചേക്കും. മരിച്ചവരുടെ കുടുംബത്തിനു രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയും മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു.
അലിഗഡ് ഡിവിഷനിലെ കാസ്ഗഞ്ച് ജില്ലയിൽ നിന്നുള്ള ഭോലെ ബാബ പതിവായി പ്രഭാഷണങ്ങൾ നടത്തുകയും സത്സംഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്. നേരത്തെ യുപി പോലീസിൽ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം തൊണ്ണൂറുകളിൽ ആധ്യാത്മിക രംഗത്തെത്തി. ബാബയുടെ ജനപ്രീതി വളരെ പെട്ടെന്നാണ് വളർന്നത്. യുപി, ഹരിയാന, രാജസ്ഥാൻ, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ അനുയായികളുണ്ട്.