ലക്നൗ: ഹത്രാസിൽ ദളിത് യുവതിയെ കൂട്ട ബലാത്്സംഗം ചെയ്ത് നാവറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നതിനിടെ പ്രതികളെ സംരക്ഷിക്കാന്‍ സവര്‍ണരുടെ കൂട്ടായ്മ.
നിരോധനാജ്ഞ നിലനില്‍ക്കുന്ന മേഖലയില്‍ ഇരയുടെ കുടുംബം താമസിക്കുന്ന വീടിനു വെറും ആറ് കിലോമീറ്റര്‍ അകലെ സവര്‍ണര്‍ യോഗം ചേര്‍ന്നു. ഠാക്കൂര്‍, ബ്രാഹ്മണ് സമുദായത്തില്‍ പെട്ടവരാണ് യോഗത്തില്‍ പങ്കെടുത്തത്. സായുധരായ പോലീസ് സേനയുടെ സംരക്ഷണത്തിലായിരുന്നു യോഗം.
യുവാക്കളെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ബലാത്സംഗം ചെയ്തിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമായതായും യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സവര്‍ണരുടെ കൂട്ടായ്മയ്ക്കു പിന്നില്‍ ബിജെപി നേതാവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ഇന്നു രാവിലെ പ്രതികളിലൊരാളുടെ കുടുംബം ഉള്‍പ്പെടെ അഞ്ഞൂറോളം പേരാണ് ബിജെപി നേതാവും മുൻ എംഎൽഎയുമായ രാജ്വീര് സിംഗ് പെഹെല്‍വാന്റെ വീട്ടില്‍ യോഗം ചേര്‍ന്നതെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
കസേരകളെല്ലാം നിരത്തി പൊതുയോഗത്തിന്റെ മാതൃകയിലാണ് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് യോഗം ചേര്‍ന്നത്. അറസ്റ്റിലായ നാലുപേരെ വ്യാജമായാണ് കേസില്‍ പെടുത്തിയതെന്നും ഇവര്‍ക്ക് നീതി വേണമെന്നുമാണ് യോഗത്തില്‍ ഉന്നയിച്ച ആവശ്യം.