അഫ്‌സല്‍ ഗുരുവിന്റെയും മഖ്ബൂല്‍ ഭട്ടിന്റെയും പ്രേതങ്ങള്‍ തീഹാര്‍ ജയിലില്‍ റോന്തുചുറ്റുന്നു ! ഇവരെക്കൂടാതെ സ്ത്രീകളുടെ പ്രേതങ്ങളും; പേടിപ്പിക്കുന്ന അനുഭവങ്ങള്‍ പറഞ്ഞ് തടവുകാര്‍…

ഇന്ത്യയിലെ ഏറ്റവും കുപ്രസിദ്ധമായ തീഹാര്‍ ജയിലിലെ തടവുകാരെ പ്രേതങ്ങള്‍ വേട്ടയാടുന്നു.ഇന്ത്യ തൂക്കിലേറ്റിയ ഭീകരര്‍ മഖ്ബൂല്‍ ഭട്ടിന്റെയും അഫ്‌സല്‍ ഗുരുവിന്റെയൂം ഉള്‍പ്പെടെയുള്ള ആത്മാക്കള്‍ തടവുകാരെ രാത്രിയില്‍ ശല്യം ചെയ്യുകയും ഭീതിപ്പെടുത്തുകയും പ്രേതാനുഭവങ്ങള്‍ സമ്മാനിക്കുകയും ചെയ്യുന്നതായുള്ള കഥകളാണ് പരക്കുന്നത്.പരാതികള്‍ നിരന്തരം തലവേദനയായി തുടങ്ങിയതോടെ ജയിലിനുള്ളില്‍ പൂജ നടത്താനുള്ള ആലോചനയ്ക്ക് പുറമേ തടവുകാര്‍ക്ക് ഭയത്തില്‍ നിന്നും രക്ഷപ്പെടാനുള്ള യോഗ, കൗണ്‍സിലിംഗ്, ധ്യാനം എന്നിവയെല്ലാം ഏര്‍പ്പാടാക്കാനുള്ള നീക്കത്തിലാണ് ജയില്‍ അധികൃതര്‍.

രാത്രി രണ്ടു മണി കഴിയുമ്പോള്‍ മുതലാണ് സെല്ലുകളില്‍ പ്രേതങ്ങള്‍ പണി തുടങ്ങുന്നത്. ചിലര്‍ പറയുന്നത് ആരോ തങ്ങളെ മര്‍ദ്ദിക്കുന്നതായിട്ടാണ്. രാത്രി ഏറെ വൈകുമ്പോള്‍ ഒരു സ്ത്രീയുടെ കരച്ചില്‍ കേള്‍ക്കുന്നതായിട്ടാണ് ചിലരുടെ അനുഭവം. ചിലരുടെ പ്രശ്നം പേടിപ്പിക്കുന്ന സ്വപ്നം പതിവായി കാണുന്നു എന്നതാണ്. ഉറങ്ങാന്‍ പോലും കഴിയുന്നില്ലെന്ന് പലരും ഉദ്യോഗസ്ഥരോട് പരാതി പറയുന്നുണ്ട്. സംഭവം ഗൗരവമാണെന്ന് തോന്നിയതോടെ ജയിലിനുള്ളില്‍ പൂജ നടത്താനുള്ള നീക്കത്തിലാണ് ജയില്‍ അധികൃതര്‍. തടവുകാരെ ശാന്തരാക്കാന്‍ വൈദ്യ പരിശോധന കൗണ്‍സിലിംഗ് യോഗ അതിനപ്പുറത്ത് മതഗ്രന്ഥങ്ങളിലെ വാക്യങ്ങള്‍ എന്നിവയെല്ലാം നല്‍കാനുള്ള നീക്കത്തിലാണ് ജയില്‍ അധികൃതര്‍.

ഭയാനകമായ രാത്രികള്‍ക്ക് ശേഷം പുലര്‍ച്ചെ തടവുകാരില്‍ പലര്‍ക്കും തലവേദനയും ഛര്‍ദ്ദിയും അനുഭപ്പെടുന്നതായും പരാതി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് പലരേയും ഡോക്ടറെ കാണിക്കുകയും മരുന്നു വാങ്ങുകയും ചെയ്തിരുന്നു. എയിംസിലെ ഡോക്ടര്‍മാരുടെ സേവനവും മാനസീകാരോഗ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒയുടെ 60 ഡോക്ടര്‍മാരുടെ സേവനവും മുതലാക്കി തീഹാറില്‍ ഇന്റന്‍സീവ് കൗണ്‍സിലിംഗ് സര്‍വീസ് നല്‍കുന്നുണ്ട്. ഭൂതാവേശത്തെക്കുറിച്ച് ജയില്‍പുള്ളികള്‍ പരാതി പറയുന്നുണ്ടെങ്കിലും അവയൊന്നും സിസിടിവിയില്‍ പതിഞ്ഞിട്ടില്ല.

ജയിലിനുള്ളില്‍ നിരവധി മരണങ്ങള്‍ നടന്നിട്ടുള്ളതാകാം ഇത്തരം കഥകള്‍ക്കാധാരമെന്ന് ജയില്‍ അധികൃതര്‍ കരുതുന്നു. ജയില്‍ പരിസരങ്ങളിലും ആത്മഹത്യകള്‍ ഉണ്ടായിട്ടുണ്ട്. 1984 ല്‍ തൂക്കിലേറ്റപ്പെട്ട മഖ്ബൂല്‍ ഭട്ടിന്റെയും 2013 ല്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരുവിന്റെയും പ്രേതങ്ങള്‍ ചുറ്റിക്കറങ്ങുന്നതായും പലരും കണ്ടതായുമാണ് വിവരണങ്ങള്‍. ചിലരുടെ കഥകളില്‍ ഒരു സ്ത്രീരൂപമാണ്. ചിലപ്പോള്‍ ചുമരില്‍ വലിഞ്ഞുകയറുന്നതായി കാണാം എന്ന് പറഞ്ഞവര്‍ വരെയുണ്ട്. മുന്‍പ് ജയിലില്‍ ആത്മഹത്യ ചെയ്ത വനിത തടവ് പുള്ളിയുടെതാണ് പ്രേതം എന്നാണ് ഒരു കഥയായി പ്രചരിക്കുന്നത്.

ഒരു തടവുപുള്ളി തന്റെ അനുഭവം വിവരിച്ചത് ഇങ്ങിനെയാണ്. ” 15 മാസത്തോളം ഞാന്‍ മൂന്നാം നമ്പര്‍ ജയിലില്‍ പാര്‍പ്പിക്കപ്പെട്ടു. പിന്നീട് ജാമ്യം കിട്ടി. ഞാന്‍ ജയിലില്‍ എത്തിയപ്പോള്‍ തന്നെ പ്രേതകഥകള്‍ കേട്ടിരുന്നു. എന്നാല്‍ പേടിപ്പിക്കാന്‍ പറയുന്നതാണെന്നാണ് കരുതിയത്. എന്നാല്‍ ഏതാനും ദിവസത്തിന് ശേഷം രാത്രിയില്‍ അസാധാരണമായ ചില ശബ്ദങ്ങള്‍ കേട്ടു. എന്നാല്‍ ഇത് ഞാന്‍ ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആരോ ഒരാള്‍ എനിയ്ക്കിട്ട് ശക്തമായി അടിച്ചു. അന്നു തന്നെ ഈ വിവരം അധികൃതരോട് പറയാന്‍ തീരുമാനം എടുത്തു. എന്നാല്‍ വിവരം പറഞ്ഞപ്പോള്‍ അവര്‍ വിശ്വസിച്ചില്ലെന്ന് മാത്രമല്ല. ഞാന്‍ കഥ മെനയുകയാണെന്ന് ചിന്തിക്കുകയും ചെയ്തു.” മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായ ഇയാള്‍ ഇപ്പോള്‍ ജാമ്യം കിട്ടി പുറത്താണ്.

മയക്കുമരുന്ന് കേസില്‍ നാലാം നമ്പര്‍ ജയിലില്‍ പാര്‍പ്പിക്കപ്പെട്ട തടവുകാരനും തന്നെ രാത്രിയില്‍ ആരോ തല്ലുന്നതായി പതിവായി പരാതി പറഞ്ഞിരുന്നു. തന്നെ ഏതോ ദുരാത്മാവ് പിന്തുടരുന്നതായും ഇയാള്‍ പതിവായി അധികൃതരോട് പരാതി പറഞ്ഞു. ” രാത്രി കിടന്നുറങ്ങുമ്പോള്‍ ആരോ തന്റെ പുതപ്പ് വലിച്ചുമാറ്റും. അവിടെ വെച്ചിരിക്കുന്ന സാധനങ്ങള്‍ വലിച്ചെറിഞ്ഞ് വലിയ ശബ്ദമുണ്ടാക്കും. അടക്കം പറയുന്ന ശബ്ദവും കേള്‍ക്കാം” ഇയാള്‍ പറയുന്നു. മുമ്പും ഈ രീതിയില്‍ അനേകം തടവുകാര്‍ പരാതി പറഞ്ഞിരുന്നതായി മുന്‍ ഓഫീസര്‍മാരും പറയുന്നു. എന്തായാലും തിഹാര്‍ ജയിലിലെ പ്രേതകഥകള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Related posts