പെരുമ്പാവൂര്‍: കാറില്‍ കടത്തുകയായിരുന്ന രണ്ട് കോടിയോളം രൂപയുടെ ഹവാല പണവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായ കേസില്‍ കൂടുതല്‍ പേര് പോലീസ് വലയിലായതായി സൂചന.
കേസുമായി ബന്ധപ്പെട്ട് ആവോലി വാഴക്കുളം വെളിയത്ത് കുന്നേല്‍ അമല്‍ മോഹന്‍ (29), കല്ലൂര്‍ക്കാട് തഴുവാംകുന്ന് കാരികുളത്തില്‍ അഖില്‍ കെ. സജീവ് എന്നിവരാണ് പിടിയിലായത്.
ഇവരെ ചോദ്യം ചെയ്തതില്‍നിന്നാണ് മറ്റുള്ളവരിലേക്ക് എത്തിയതെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏതാനുംപേരെ പെരുമ്പാവൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം റൂറല്‍ ഡിസ്ട്രിക്റ്റ് ആന്റി നര്‍ക്കോട്ടിക്ക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും പെരുമ്പാവൂര്‍ പോലീസും ചേര്‍ന്നാണ് ഇരുവരെയും പിടികൂടിയത്.
കാറില്‍നിന്നു രണ്ടര പവന് സ്വര്‍ണം കണ്ടെടുത്തിരുന്നുവെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും അതിലും കൂടുതല്‍ ഉണ്ടാകുമെന്നാണ് പ്രതികളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ഉണ്ടായിരുന്ന നാട്ടുകാര്‍ പറയുന്നത്.
ഹവാല ഇടാപാടുമായുള്ള പ്രമുഖരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കോയമ്പത്തൂരില്‍ നിന്നാണ് പണം കൊണ്ടുവന്നത്. കോട്ടയം ഭാഗത്തേക്കാണ് കൊണ്ടുപോകുകയായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.
രസഹ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അങ്കമാലി കോതകുളങ്ങരയില്‍ നിന്നും പോലീസ് സംഘം ഇവരെ പിന്തുടര്ന്നിരുന്നു. കാറില്‍ പ്രത്യേകം അറകളിലാക്കി പൊതിഞ്ഞാണ് പണം സൂക്ഷിച്ചിരുന്നത്. സാഹസികമായി പിന്തുടര്ന്ന് വല്ലത്ത് വച്ചാണ് പിടികൂടിയത്. പിടിയിലായവര്‍ക്ക് കാര്യമായ പങ്കില്ലെന്നാണ് സൂചന.
എസ്പി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ എഎസ്പി ജുവനപ്പടി മഹേഷ്,നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി പി.പി. ഷംസ്, ഇന്‍സ്പെക്ടര്‍ ആര്. രഞ്ജിത്ത്, എസ്ഐമാരായ റിന്‍സ് എം. തോമസ്, ജോസി എം. ജോണ്സന്, എഎസ്ഐ എം.ജി ജോഷി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സി.കെ. മീരാന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.