കോട്ടയം: സംസ്ഥാനത്ത് 25 ഇടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹവാല റെയ്ഡില്‍ നിരവധി രേഖകള്‍ പിടിച്ചെടുത്തു. ഹവാല ഇടപാടുകാരെ കേന്ദ്രീകരിച്ചാണ് കോട്ടയം ഉള്‍പ്പെടെ സംസ്ഥാനത്ത് 25 ഇടങ്ങളില്‍ റെയ്ഡ് നടത്തിയത്.
കോട്ടയത്തു മാത്രം പന്ത്രണ്ട് സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. കോട്ടയം, ചങ്ങനാശേരി, ഏറ്റുമാനൂര്‍ അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. വിദേശ കറന്‍സി മാറ്റിനൽകുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്. ഫോറിന് മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളിലും പരിശോധന നടത്തി.
ഈരാറ്റുപേട്ടയിലെ വിദേശ കറന്‍സി ഇടപാടു സ്ഥാപനത്തില്‍ രാത്രിയിലാണ് ഇഡി പരിശോധനയ്ക്കായി എത്തിയത്. കഴിഞ്ഞയിടെ പണവുമായി കസ്റ്റഡിയിലായ ഈരാറ്റുപേട്ടയിലെ നേതാവിന്റെ ഏറ്റുമാനൂരിലുള്ള ബന്ധുവിന്റെ സ്ഥാപനത്തിലും പരിശോധനകള്‍ നടന്നു.
ലോക്കല്‍ പോലീസിനെ അറിയിക്കാതെയാണ് സംഘം എത്തിയത്. കൊച്ചിയും കോട്ടയവുമാണ് ഹവാല പണമെത്തുന്ന പ്രധാന മേഖലകളെന്ന് ഇഡി പറയുന്നു.
കോട്ടയം ജില്ലയില്‍ ഏറ്റുമാനൂര്‍ ടൗണിലെ ഡ്യൂട്ടി പെയ്ഡ് ഷോപ് ആന്‍ഡ് മണി എക്സ്ചേഞ്ച്, ഈരാറ്റുപേട്ടയിലെ ഒരു ജ്വല്ലറി, ഫോറിന് മണി എക്സ്ചേഞ്ച് സെന്റര്‍, ചങ്ങനാശേരിയിലെ ഗിഫ്റ്റ് ഹൗസ്, വ്യാപാര സ്ഥാപനം, ചിങ്ങവനത്തെ വ്യാപാര സ്ഥാപനം എന്നിവിടങ്ങളിലാണു റെയ്ഡ് നടന്നത്.
കൊച്ചിയില്‍ പെന്റാ മേനക ഷോപ്പിംഗ് മാളിലെ മൊബൈല്‍ ആക്സസറീസ് മൊത്ത വില്പനശാല, ബ്രോഡ്വേയ്ക്കു സമീപമുള്ള സൗന്ദര്യവര്‍ധക വസ്തുക്കളും ഇലക്ട്രോണിക് സാധനങ്ങളുടെയും മൊത്ത വില്പനശാല എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
10,000 കോടി രൂപയുടെ ഹലാവ ഇടപാട് കേരളം കേന്ദ്രീകരിച്ചു നടന്നെന്നു രഹസ്യാന്വേഷണത്തില്‍ സൂചന കിട്ടിയെന്നും അതിനു തുടര്‍ച്ചയായാണ് പരിശോധനയെന്നും ഇഡി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
150ഓളം ഉദ്യോഗസ്ഥര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിയ പരിശോധനയില്‍ വിദേശപണം ഉള്‍പ്പെടെ കണ്ടെത്തിയെന്നാണ് വിവരം.