ആമകളെ പലരും വീടുകളില്‍ വളര്‍ത്താറുണ്ട്. എന്നാല്‍ ഈ പറയാന്‍ പോകുന്ന ആമ ചില്ലറപ്പുള്ളിയല്ല.
ഈ ആമകളെ കൂട്ടമായി കണ്ടാല്‍ വെടിവെച്ചു കൊല്ലാനാണ് ഓസ്‌ട്രേലിയ ജനങ്ങളോട് ആവശ്യപ്പെടുന്നത്.
ചുവന്ന ചെവിയുള്ള ആമയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ചെല്ലുന്നിടത്തെ ആവാസ വ്യവസ്ഥയെയാകെ തകിടം മറിക്കുന്ന ഒരു ഭീകരജീവിയാണ് ഈ കുഞ്ഞന്‍ ആമ.
മാത്രമല്ല കുട്ടികളില്‍ പലവിധ ആരോഗ്യപ്രശ്‌നങ്ങളും സൃഷ്ടിക്കും. ചെഞ്ചെവിയന്‍ ആമ എന്ന് പേരുള്ള ഈ ആമയുടെ യഥാര്‍ത്ഥ പേര് റെഡ് ഇയേഡ് സ്ലൈഡര്‍ ടര്‍ട്ടില്‍.
Trachemys scripta elegans എന്നാണ് ശാസ്ത്രീയനാമം. മിസിസിപ്പി നദി, ഗള്‍ഫ് ഓഫ് മെക്‌സിക്കോ എന്നിവിടങ്ങളാണ് ജന്‍മദേശം.
ഇന്റര്‍നാഷനല്‍ യൂനിയന്‍ ഫോര്‍ ദ കണ്‍സേര്‍വേഷന്‍ ഓഫ് ദ നേച്ചര്‍ പുറത്തിറക്കിയ ലോകത്തെ ഏറ്റവും അധിനിവേശകാരികളായ 100 ജീവികളുടെ പട്ടികയില്‍ ഒന്ന് ഈ ആമയാണ്. വടക്കന്‍ മെക്‌സിക്കോയിലും തെക്കന്‍ അമേരിക്കയിലും കാണുന്ന ഈ ഇനം ആമകള്‍ അരുമമൃഗ വ്യവസായത്തിന്റെ ഭാഗമായാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുന്നത്.
ശരാശരി 30 വയസ്സുവരെ ജീവിക്കുന്ന ഈ ആമകളെ കുറേ കഴിയുമ്പോള്‍ ആളുകള്‍ ജലാശയങ്ങളില്‍ ഉപേക്ഷിക്കുന്നു.
ഇത് ഭക്ഷണമായി ഉപയോഗിക്കപ്പെടാത്തതിനാല്‍ ഇവ അവിടെ ദീര്‍ഘകാലം ജീവിക്കുകയും മുട്ടയിട്ട് പെരുകുകയും ചെയ്യും. അതോടെ ആ സ്ഥലങ്ങളിലെ നാടന്‍ ആമകള്‍ ഇല്ലാതാവും.
ഇതുമാത്രമല്ല പനി,ഉദരരോഗങ്ങള്‍ എന്നിങ്ങനെ നിരവധി ശാരീരിക അസ്വസ്ഥതകള്‍ക്കും ഇത് കാരണമാവും. കുട്ടികള്‍ക്ക് ഗുരുതരമായ പല ആരോഗ്യപ്രശ്‌നങ്ങളും ഇത് സൃഷ്ടിക്കും.
മാത്രമല്ല മറ്റ് ജലജീവികളിലേക്കും ഇത് രോഗങ്ങള്‍ പരത്തുന്നു. എന്നിരുന്നാലും ഇതിന്റെ ദോഷവശമറിയാതെ ഈ ആമകളെ ലോകത്തിന്റെ പലഭാഗങ്ങളിലും വളര്‍ത്തുന്നുണ്ട്.
‘ടെയില്‍സ് ഓഫ് ടീനേജ് മ്യൂടന്റ് നിന്‍ജ ടര്‍ടില്‍സ്’ എന്ന കോമിക് സീരീസിലൂടെയാണ് ഈ ആമയ്ക്ക് ലോകമാകമാനം പ്രചാരം ലഭിച്ചത്.
ലോകത്തെ രക്ഷിക്കാനിറങ്ങുന്ന നാല് ആമകളുടെ കഥ പറയുന്ന സീരീസ് പിന്നീട് ടിവി പരമ്പരയും സിനിമയുമൊക്കെയായി.
ഇതോടെയാണ് ലോകമെമ്പാടുമുള്ള കുട്ടികള്‍ ഈ ആമയെ വളര്‍ത്താന്‍ തുടങ്ങിയത്.
ഇവന്‍ വിഷയക്കാരനാണെന്നു മനസ്സിലായതോടെ അമേരിക്കയില്‍ ഇതിന്റെ വില്‍പ്പന നിരോധിച്ചു. ഈ ആമയെ നശിപ്പിക്കാനുള്ള ദീര്‍ഘമായ ശ്രമത്തിലാണ് ഓസ്‌ട്രേലിയ.
ക്വീന്‍സ് ലാന്റ് ഭരണകൂടം ഒരു മില്യന്‍ ഓസ്‌ട്രേലിയന്‍ ഡോളറാണ് ഇവയുടെ ഉന്‍മൂലനത്തിനായി നീക്കിവെച്ചത്.
ഓസ്‌ട്രേലിയയിലെ തന്നെ മറ്റു ചിലയിടത്ത് ഇതിനെ നേരിട്ടു കണ്ടാല്‍ വെടിവച്ചു കൊല്ലാനാണ് ഉത്തരവിട്ടിരിക്കുന്നത്.
തൃശൂരിലെ കാളത്തോട്ടിലെ ഒരു തോട്ടില്‍ മീന്‍ പിടിക്കുകയായിരുന്ന ആദിത്യന്‍ എന്ന കുട്ടിയാണ് അവിചാരിതമായി ഈ ആമയെ കാണുന്നത്. ഇതാണ് കേരളത്തില്‍ ഈ ആമയുടെ സാന്നിദ്ധ്യം ആദ്യമായി ശ്രദ്ധിക്കപ്പെടാനിടയായ സാഹചര്യം.
ആമയെ കിട്ടിയ വിവരം കുട്ടിയുടെ മുത്തച്ഛനായ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. ശങ്കര്‍ ഫേസ്ബുക്കിലിട്ടു. തൊട്ടുപിന്നാലെ അധിനിവേശ ജീവികളെക്കുറിച്ച് പഠിക്കുന്ന Nodal Centre for Biological Invasions (NCBI) ഇതില്‍ ഇടപെട്ടു.
ഇത്തരം ആമകള്‍ കൈയിലുള്ളവര്‍ അവയെ ഉപേക്ഷിക്കാതെ തങ്ങളെ ഏല്‍പ്പിക്കണമെന്ന് സെന്റര്‍ പത്രക്കുറിപ്പിറക്കി. നിരവധി കോളുകള്‍ വന്നു. ആമകളെ കെ.എഫ്ആര്‍ഐ സംഘം ഏറ്റുവാങ്ങി. ഇപ്പോഴും നിരവധി ആമകള്‍ കേരളത്തിലുണ്ടെന്നാണ് വിവരം.