പിറവം: ആദ്യമായി ഇന്ത്യയിൽ നിർമിച്ച, രാജ്യത്തിന്റെ അഭിമാനമായ ജെറ്റ് വിമാനം -കിരണ്‍- ഇനി പിറവത്തെ കുട്ടികളുടെ പാർക്കിൽ കാണാം.
പിറവത്തിന്റെ ലാൻഡ് മാർക്കുകളിൽ ഒന്നായി പറന്നുയരുന്ന എയർ ഫ്രെയിം വിമാനം ഇവിടെ എത്തിച്ചതിനു പിന്നിൽ മുൻ നഗരസഭാ ചെയർമാൻ സാബു കെ. ജേക്കബാണ്.
2013ൽ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്റണിക്ക് സാബു നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ ആദ്യമായി ഹിന്ദുസ്ഥാൻ ഏറോനോട്ടിക്കൽസ് ലിമിറ്റഡ് (എച്ച്എഎൽ) നിർമിച്ച കിരണ്‍ ജെറ്റ് എയർ ഫ്രെയിം സീനിയോരിറ്റി അനുസരിച്ചു 2020ൽ പിറവത്തേക്ക് ലഭിച്ചത്.
പിന്നീട് കോവിഡ് ലോക്ഡൗണിനെ തുടർന്ന് പദ്ധതി പൂർത്തീകരിക്കാനായില്ല. വിമാനം സ്ഥാപിക്കുന്നതിനായി നഗരസഭ നാലര ലക്ഷത്തിലധികം രൂപ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു.
പിറവത്തിന്റെ പ്രവേശന കവാടത്തിൽ പാലത്തിനും സിവിൽ സ്റ്റേഷനും സബർബൻ മാളിനും കുട്ടികളുടെ പാർക്കിനും സമീപത്തായാണ് പറന്നുയരുന്ന എയർ ജെറ്റ് സ്ഥാപിച്ചിരിക്കുന്നത്.
ഒന്നരയാഴ്ച മുന്‍പ് ഇന്ത്യൻ എയർഫോഴ്സിലെ എയർക്രാഫ്റ്റ് എൻജിനീയർമാർ പിറവത്ത് എത്തിയാണ് വിമാനത്തിന്റെ ഭാഗങ്ങൾ കൂട്ടി യോജിപ്പിച്ചത്.
സാബു കെ. ജേക്കബ്, നഗരസഭാ അധ്യക്ഷ ഏലിയാമ്മ ഫിലിപ്, കൗണ്‍സിലർമാർ തുടങ്ങിയരുടെ സാന്നിധ്യത്തിലാണ് കിരണ്‍ ജെറ്റ് എയർ ഫ്രെയിം സ്ഥാപിച്ചത്.