റോജിൻ തോമസ് സംവിധാനം ചെയ്ത ചിത്രമായ ഹോം വലിയ പ്രേക്ഷക പ്രശംസയാണ് നേടുന്നത്.
ഹോം കണ്ടതിനു ശേഷം പലരും തങ്ങളുടെ വീടിനെക്കുറിച്ചുള്ള ഓർമകളാണ് സോഷ്യൽ മീഡിയയിൽപങ്കുവയ്ക്കുന്നത്. അത്തരത്തിൽ വൈറലായ ഒരു കുറിപ്പ് വായിക്കാം
സോഷ്യൽ മീഡിയ പോസ്റ്റ്
#Home
2008ലാണ് അച്ഛൻ ആദ്യമായി മൊബൈൽ വാങ്ങുന്നത്.നോക്കിയ 1160ന്നോ മറ്റോ പേരുള്ള ഒരു ഫോൺ.ആപ്പിൾ തിന്നുന്ന പാമ്പും ക്രിക്കറ്റ് കളിയുമൊക്കെയുള്ള ഒരു സാദാഫോൺ.
ഹച്ച് ന്റെ ഒരു കണക്ഷനും എടുത്തു.റിട്ടയർ ചെയ്യാൻ ഇനി ഒരു വർഷമേയുള്ളൂ പത്തുമുപ്പതുകൊല്ലം സർവീസിൽ ഉണ്ടായിട്ട് ഒരു ഫോൺ വാങ്ങിയില്ലെങ്കിൽ മോശമല്ലേ.
ആ വർഷത്തെ ഓണം ബോണസ് അങ്ങനെ മൊബൈലിന് സമർപ്പിച്ചു.
ഫോൺ വാങ്ങിയ അന്ന് രാത്രി ഞാനും അച്ഛനും ഉറങ്ങിയതേയില്ല. മുഴുവൻ നമ്പറുകളും ആ ഫോണിൽ സേവ് ചെയ്യാൻ വേണ്ടി കുത്തിയിരുന്നു.
പിറ്റേന്ന് അച്ഛൻ പഴയ ചങ്ങാതിമാരെയൊക്കെ കുത്തിത്തിയിരുന്നു വിളിക്കാൻ തുടങ്ങി.
അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം
”അതേ..ഇതിലെ റിങ്ടോൺ ഒന്ന് മാറ്റാൻ എന്താണ് വഴി?”
”ഉം?”
”അല്ല ഇതിലെ റിങ്ടോൺ എല്ലാവരുടെയും ഫോണിൽ ഉള്ളത് തന്നെയല്ലേ ഒരു വെറൈറ്റി ഒക്കെ വേണ്ടേ?”
സെറ്റിങ്സിൽ പോയി അതിലെ റിങ്ടോണുകൾ ഓരോന്നോരോന്നായി പരീക്ഷിക്കാൻ തുടങ്ങി.ഒന്നും അച്ഛന് പിടിക്കുന്നില്ല.എന്തോ ഒരു മെനയില്ല പോലും.
”നിന്റെ ഫോണിൽ ഒരു റിങ്ടോണുണ്ടല്ലോ അതെന്താ ഇതിൽ കിട്ടാത്തത്?”
”അത് ഞാൻ ഇതിലെ കമ്പോസറിൽ പോയി സെറ്റ് ചെയ്തതാണ്?”
”എന്നാ എനിക്കും ഒരു റിങ്ടോൺ കമ്പോസ് ചെയ്തു താ?”
അപ്പോൾ അതായിരുന്നു കാര്യം.എന്റെ 3310ൽ ഞാൻ മലർക്കൊടിപോലെ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ടായിരുന്നു അത് കിട്ടാനാണ്.
അമ്പട അച്ഛാ!!!
ഞാൻ മലർക്കൊടി സീറ്റു ചെയ്യുന്ന സമയത്ത് ദേ വരുന്നു അടുത്ത ചോദ്യം!
”നമുക്ക് ഇഷ്ടമുള്ള പാട്ടുകൾ ഇതിൽ സെറ്റ് ചെയ്യാൻ പറ്റുമോ?”
”ഉം?”
”ന്നാ ബലികുടീരങ്ങളേ സെറ്റ് ചെയ്യ്”
ഞാൻ അച്ഛനെ ഒന്നുനോക്കി.
”അല്ല നീയല്ലേ പറഞ്ഞത് ഏത് പാട്ടും ചെയ്യാന്ന്”
ഞാൻ പിന്നെ എ ആർ റഹ്മാൻ ആയതുകൊണ്ട് കുത്തിയിരുന്നു ബലികുടീരങ്ങളേ സെറ്റ് ചെയ്തു കൊടുത്തു.
കുറച്ചു ദിവസങ്ങൾക്കു ശേഷം നാട്ടിൽ ഒരു പൊതുപരിപാടി നടക്കുകയാണ്.ഞങ്ങളൊക്കെതന്നെയാണ് അതിന്റെ നടത്തിപ്പുകാർ.യോഗം നടക്കുന്ന സ്ഥലത്ത് വച്ച് അച്ഛൻ രഹസ്യമായി-
”നീ എന്റെ ഫോണിലേക്ക് ഒന്ന് വിളിക്ക്?”
” ങേ…അതെന്തിനാ?”
”എന്റെ ഫോണിലെ ബലികുടീരങ്ങളെ ആളുകളൊന്നുകേൾക്കട്ടെന്നേ”
ഭയങ്കരൻ!!!
പതിവ് റിംഗ്ടോണിൽ നിന്നും വ്യത്യസ്തമായി ബലികുടീരങ്ങളെ കേൾക്കാൻ തുടങ്ങിയപ്പോൾ ആളുകൾ അച്ഛനെ നോക്കാൻ തുടങ്ങി.അച്ഛൻ എന്റെ പൊന്നോ എയർൽ ആയിപോയി.
”ഇത് മൂത്തോൻ ചെയ്തു തന്നതാണ് എന്ന് പറഞ്ഞു ആളുകൾക്കിടയിൽ അച്ഛനിങ്ങനെ തള്ളാൻ തുടങ്ങി.
അങ്ങനെയിരിക്കേ വീണ്ടും പരാതി. ”എടാ ഫോണിൽ ചാർജ്ജ് തീരെ നിൽക്കുന്നില്ല”
അതിപ്പോ എന്ത് പുലിവാലാണാവോ?ഞാൻ ഫോൺ എടുത്തു തിരിച്ചും മറിച്ചും നോക്കി.പ്രത്യക്ഷത്തിൽ ഒരു പ്രശ്നവും കാണുന്നില്ല.അപ്പോൾ അനിയനാണ് പറഞ്ഞത്.
” ഡാ അച്ഛൻ ഫുൾ ടൈം പാമ്പ് ആപ്പിൾ തിന്നുന്ന ഗെയിം കളിക്കുന്നുണ്ട് അതാണ് ചാർജ്ജ് നിൽക്കാത്തത്”
എന്റെ പൊന്നോ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ ന്നും പറഞ്ഞൊരു നിൽപ്പാണ്.
കാലം വേഗം കടന്നു പോയി ആൻഡ്രോയ്ഡ് ന്റെ കാലം വന്നു.ഞാനും അനിയനും അനിയത്തിയുമൊക്കെ ആൻഡ്രോയ്ഡിലേക്ക് ചേക്കേറി.ആയിടക്ക് ‘അമ്മ ഒരു പരാതിയുമായി ഞങ്ങളുടെ മുന്നിലെത്തി.വീട്ടിൽ ഒരു സമാധാനവുമില്ല.അച്ഛൻ ആകെ പ്രശ്നങ്ങളുണ്ടാക്കുന്നു.സംഗതി എന്താണ്?
‘’രാധേ….ഒന്നിങ്ങട് വന്നേ..’’ഹാളില്‍നിന്നും അച്ഛന്റെവിളി
അടുക്കളയില്‍ മീന്‍കറി ഉള്ളികാച്ചുന്നതിനിടയിലാണ് അച്ചന്റെവിളി
ഗ്യാസിന്റെഫ്ലെയിം കുറച്ചുവച്ച് അമ്മ ഓടി ഹാളിലെത്തുമ്പോള്‍ കാണാം ടിവിയിലേക്ക് വിരല്‍ ചൂണ്ടി അച്ഛന്റെ രോഷാഗ്നി ജ്വലിക്കുന്നത്.
‘’എന്ത് തെണ്ടിത്തരമാണ് ഈ ഏഷ്യാനെറ്റുകാര് വിളിച്ചു പറയുന്നത്,ഒരു ചാനല്‍ കയ്യിലുണ്ട് എന്ന് കരുതി എന്ത് തോന്ന്യാസവും വിളിച്ചു പറയാമെന്നാ വിചാരം’’
‘’ഉടന്‍ മഹാദേവി ഇടതുകയ്യാല്‍
അഴിഞ്ഞ വാര്പ്പൂങ്കുഴലൊന്നൊതുക്കി
ജ്വലിച്ച കണ്ണാലൊരു നോക്കു നോക്കി
പാര്ശ്വസ്ഥനാം പതിയോടുരച്ചു’’-
‘’അടുക്കളേല് പണിചെയ്യുമ്പോ ആവശ്യമില്ലാതെ വിളിക്കരുതെന്ന് എത്രതവണപറഞ്ഞിട്ടുണ്ട്…അടുപ്പത്തു ചീഞ്ചട്ടിയില്വെളിച്ചെണ്ണ കായുന്ന നേരത്താണ് ഒരു പിണറായി!!!!’’
ഇത് വീട്ടിലെ പതിവ് കാഴ്ചയാണ്.
കടുത്തമാര്ക്സിസ്റ്റ്കാരനും സര്വോപരിപിണറായിഭക്തനുമായ അച്ഛന് രാവിലെ 9 മണിമുതല്‍ ടിവിക്ക് മുന്നിലുണ്ടാകും.ഏഷ്യാനെറ്റില്‍ തുടങ്ങി മനോരമവഴി മാതൃഭുമിയിലും തുടര്‍ന്ന് റിപ്പോര്‍ട്ടറിലൂടെ കൈരളി പീപ്പിളില്‍ എത്തും.
ജമാഅത്തെഇസ്ലാമിചാനലായ മീഡിയാവണ്ണിനോട് അത്ര രസത്തിലല്ല,ജനംടിവി,ജയ്ഹിന്ദ്എന്നിവ പണ്ടേ അജണ്ടയില്‍ ഇല്ല.മറ്റൊരു പരിപാടിയുംകാണാതെ മറ്റുള്ളവരെ കാണാന്അനുവദിക്കാതെ മുണ്ടുടുത്ത മുസ്സോളനിയായി അദ്ദേഹം തകര്‍ക്കും.
വല്ലപ്പോഴുംവരുന്ന സുന്ദരന്‍,അച്ചു എന്നിവര്‍ പോഗോ,മിസ്റ്റര്ബീന് എന്നിവയെങ്ങാനുംവച്ചാല് ഉടനെപറയും ‘കടക്ക് പുറത്ത്’ ടിവി കാണുകമാത്രമല്ല, പിണറായി,വിഎസ്എന്നിവരെപ്രത്യേകമായും സിപിഎംനെമൊത്തത്തിലും വിമര്‍ശിക്കുന്ന എന്തെങ്കിലും ഉണ്ടായാല്‍ അതിനോടുള്ള പ്രതിഷേധം തീര്‍ക്കുന്നത് മുഴുവന്‍ പാവം അമ്മയോടാണ്.
വിറക്,അരി,റേഷന്‍പീടിക,മണ്ണെണ്ണ,ഗ്യാസ് എന്നിവയാണ് ലോകമെന്നു കരുതുന്ന അമ്മക്ക് എന്ത് പിണറായി എന്ത് വിഎസ്!!!
അടുപ്പത്തു വച്ചത് അപ്പോഴേക്കും കരിഞ്ഞിട്ടുണ്ടാകും അതുമതി അമ്മക്ക് ചോറിഞ്ഞുവരാന്.അച്ഛനും അമ്മയും പ്രത്യയശാസ്ത്രപരമായി ഒന്നാണെങ്കിലും സമകാലികരാഷ്ട്രീയകാര്യങ്ങളില് അമ്മക്ക്അത്ര താല്പര്യം ഒന്നുമില്ല.പിന്നെ ഒന്നുംരണ്ടുംപറഞ്ഞ് ഇരുവരും ടോമുംജെറിയുമാകും.
ഇരുവരും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലാണെങ്കിലും അവര്‍ തമ്മിലുള്ള അന്തര്‍ധാര വളരെ സജീവമായതിനാല്‍ മക്കളായ ഞങ്ങള്‍ മൂന്നുപേരും അതില്‍ ഇടപെടാറില്ല.
അങ്ങനെ അച്ഛന്റെപിണറായിഭക്തിയും അമ്മയുടെ അടുക്കളജീവിതവും പതിവായി ഏറ്റുമുട്ടാന്‍ തുടങ്ങിയപ്പോഴാണ് ‘അമ്മ പരാതിയുമായി ഞങ്ങളുടെ മുന്നിലെത്തിയത്.
’’വീട്ടില്‍ ഒരു സ്വസ്ഥത ഇല്ല എപ്പനോക്കിയാലും ടിവില് നോക്കിയിരുന്ന്അതിലുണ്ടാകുന്ന ഓരോ സംഭവത്തിനും എന്നോട് വഴക്കടിക്കുകയാണ്’’.
പ്രശ്നം ഗുരുതരമായപ്പോള്‍ അനിയന് ഇടപെട്ടു.അസ്യുസ്ന്റെ ഒരു ഫോണ്‍വാങ്ങി അതില്‍ ഫേസ്ബുക്ക്,വാട്ട്സ്അപ്പ്എല്ലാംഇന്സ്റ്റാള്ചെയ്തുകൊടുത്തു.
പിന്നീട് വീട് ശാന്തമായി .അച്ഛന്ഓണ്ലൈനില് സജീവം……അമ്മ അടുക്കളപ്പണികളിലും.
അതിനിടയിൽ ഞാൻ വിദേശത്ത് പോയി.ഒരു ദിവസം
വീട്ടിലേക്ക് വിളിച്ചുഅമ്മയോട്അച്ചനെവിടെയെന്നുചോദിച്ചപ്പോള്,
‘’ഉമ്മറത്തുണ്ട്….ഫോണില്‍ കുത്തികുത്തി ഇരിക്ക്യലല്ലേ പ്രധാനപണി,തൊട്ടടുത്ത് ഒരാള്‍ ചാവാന്‍ കെടക്കുകയാണെങ്കില് പോലും തിരിഞ്ഞു നോക്കില്ല’’
ഇന്ന് #home കണ്ടപ്പോൾ ഈ രംഗങ്ങൾ എല്ലാം ഒരു മിനിറ്റുകൊണ്ട് മറ്റൊരു സിനിമയായി മുന്നിൽ തെളിഞ്ഞു.
നന്ദി
റോജിൻ തോമസ്
വിജയ് ബാബു
ഇന്ദ്രൻസ് ചേട്ടൻ
ശ്രീനാഥ്
മഞ്ജു പിള്ള
നസ്ലെൻ ഗഫൂർ
ഏറെക്കാലത്തിന് ശേഷം ഒരു മനുഷ്യപ്പറ്റുള്ള സിനിമ തന്നതിന്.