പത്തനംതിട്ട: അകാലത്തിൽ പൊലിഞ്ഞ പുഷ്പം പോലെ അഭിരാമി. നായയുടെ കടിയേറ്റ് മരണത്തിനു കീഴടങ്ങേണ്ടിവന്ന അഭിരാമി എന്ന പന്ത്രണ്ടുകാരി അവശേഷിപ്പിച്ച ചോദ്യങ്ങൾക്കും ഉയർന്നുവന്ന ആക്ഷേപങ്ങൾക്കും മറുപടി കാക്കുകയാണ് പൊതുസമൂഹം.
അഭിരാമിയെപ്പോലെ നിരവധി കുഞ്ഞുങ്ങൾ ഇനിയും ഇവിടെ ഉണ്ട്. ഇവർക്കെല്ലാം സ്വൈരമായി കഴിയണം. തെരുവുനായ്ക്കൾ ഇവർക്കു മുന്പിൽ ഉയർത്തുന്ന വെല്ലുവിളികൾ ഇല്ലാതാകണം.
ഇത്തരത്തിൽ എന്തെങ്കിലും അപകടത്തിൽപെടുന്നവർക്കു മുന്പിൽ ആശുപത്രി വാതിലുകൾ കൊട്ടി അടയ്ക്കപ്പെടരുത്.
മലയോര വാസികളുടെ ആശ്രയമായ സർക്കാർ ചികിത്സ സംവിധാനങ്ങളിലെ പാളിച്ചകളെ സംബന്ധിച്ചുയർന്ന ആക്ഷേപങ്ങൾ ഇപ്പോഴും അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു. തെരുവൂനായക്കൂട്ടം ഉയർത്തുന്ന വെല്ലുവിളി വലുതാണ്.
ഒരുദിവസം കൊണ്ട് ഇതു പരിഹരിക്കപ്പെടാനാകില്ല. കുട്ടികളടക്കമുള്ളവർക്ക് ഇവയിൽനിന്നു സുരക്ഷ ഉറപ്പാക്കുകയാണ് പ്രധാനമായും വേണ്ടത്.
നായയുടെ കടിയേൽക്കുകയോ മറ്റോ ഉണ്ടായാൽ ആവശ്യമായ ചികിത്സ അടിയന്തരമായി ഉറപ്പാക്കുകയും വേണം.
അഭിരാമിയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടുദിവസം പെരുനാട്ടിലെ വീട്ടിലെത്തിയവർക്കു മുന്പിൽ കുടുംബം പറഞ്ഞത് ഗുരുതരമായ ആക്ഷേപങ്ങളാണ്.
അഭിരാമിക്ക് ഇനി ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയില്ലെന്നറിയാമെങ്കിലും സമപ്രായക്കാരായ കുട്ടികളുടെ സുരക്ഷിതത്വത്തിനുവേണ്ടി കുടുംബത്തിന്റെ ആരോപണങ്ങളെ മുഖവിലയ്ക്കെടുക്കാൻ അധികൃതർ തയാറാകുകയാണ് വേണ്ടത്.
വീട്ടിലെത്തിയ രാഷ്ട്രീയനേതാക്കളോടും ബന്ധുക്കൾ ആവശ്യപ്പെട്ടതും ഇതു തന്നെയാണ്.
പെരുനാട് സിഎച്ച്സിയുടെ മുഖം മാറ്റുമോ?
ശബരിമല പാതയിലെ പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ ഇനിയെങ്കിലും അധികൃതരുടെ കണ്ണു തുറക്കുമോയെന്നാണ് നാട്ടുകാരുടെ ചോദ്യം.
മലയോര മേഖലയിലെ ഈ ആശുപത്രി പ്രവർത്തനം തുടങ്ങുന്നത് രാവിലെ ഒന്പതിനാണ്.
പെരുനാട്, നാറാണംമൂഴി, വടശേരിക്കര, ചിറ്റാർ, സീതത്തോട് തുടങ്ങി മലയോര മേഖലയിലെ പഞ്ചായത്തുകളിൽനിന്നുള്ളവർക്ക് ആശ്രയിക്കാനാകുന്ന ഏക ആശുപത്രിയാണിത്.
സീതത്തോട്, ചിറ്റാർ മേഖലകളിലൊന്നും സർക്കാരിന് നല്ല ഒരു ആശുപത്രി ഇല്ല. നിലവിലെ സംവിധാനം അനുസരിച്ച് പെരുനാട് സിഎച്ച്സി 8.30നു തുറക്കണം. ഡോക്ടർമാർ ഒന്പതിനു മാത്രമേ എത്തുകയുള്ളൂ.
ഒപി 9.30 ഓടെ ആരംഭിക്കും. ആംബുലൻസ് സിഎച്ച്സിക്കുണ്ടെങ്കിലും ഡ്രൈവറുടെ ഡ്യൂട്ടി സമയം ഒന്പതിനാണ്.
അഭിരാമിയ്ക്ക് നായയുടെ കടിയേറ്റശേഷം എട്ടോടെ ആശുപത്രിയിലെത്തിയിരുന്നു. ആശുപത്രി തുറന്നില്ലെന്നു മാത്രമല്ല, ആംബുലൻസും പ്രയോജനപ്പെട്ടില്ല.
നാല് ഡോക്ടർമാരെയാണ് പെരുനാട് സിഎച്ച്സിയിലേക്ക് നിയമിച്ചിട്ടുള്ളത്. മിക്കപ്പോഴും ഒരു ഡോക്ടർ മാത്രമേ ഉണ്ടാകൂ. സമീപകാലത്ത് കിടത്തിചികിത്സ തുടങ്ങുന്നതായി പ്രഖ്യാപനം വന്നു.
ഇതിനായി ബ്ലോക്ക് പഞ്ചായത്തിന്റെ ചുമതലയിൽ ഒരു ഡോക്ടറെക്കൂടി താത്കാലികാടിസ്ഥാനത്തിൽ നിയമിച്ചു. പക്ഷേ ഡോക്ടറെത്തിയില്ല.
കിടത്തി ചികിത്സ ഇതോടെ പ്രഖ്യാപനം മാത്രമായി. ശബരിമല തീർഥാടനകാലത്ത് കൂടുതൽ ഡോക്ടർമാരെ നിയമിച്ച് 24 മണിക്കൂറും സേവനം ഉറപ്പാക്കാൻ ശ്രമിക്കാറുണ്ട്. ഇതേ സംവിധാനം വർഷം മുഴുവൻ വേണമെന്നാണാവശ്യം.