സ്കൂളിൽ നിന്നും സഹപാഠികൾക്കൊപ്പം വൃദ്ധസദനത്തിൽ സന്ദർശനത്തിനെത്തിയ വിദ്യാർഥിനി അവിടെ വച്ച് തന്റെ മുത്തശിയെ കാണുമ്പോൾ ഇരുവരും തമ്മിലുണ്ടായ വികാരനിർഭരമായ നിമിഷത്തിന്റെ ചിത്രം സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
2007ൽ ലോക ഫോട്ടോഗ്രഫി ദിനത്തിന്റെ ഭാഗമായി ഫോട്ടോഗ്രാഫറായ കൽപിത് എസ്. ബാചെച് പകർത്തിയ ഈ ചിത്രത്തിലുണ്ടായിരുന്നത് ദമയന്തി ബെന്നും കൊച്ചുമകൾ ഭക്തിയുമായിരുന്നു.
ഈ ചിത്രത്തിനെ സംബന്ധിച്ച് പ്രചരിച്ച വാർത്തകളിങ്ങനെ. മുത്തശി ബന്ധുക്കൾക്കൊപ്പം മറ്റൊരു വീട്ടിലാണെന്നായിരുന്നു മാതാപിതാക്കൾ ഭക്തിയോടു പറഞ്ഞിരുന്നത്. അങ്ങനെ തന്നെയായിരുന്നു ഭക്തിയും വിശ്വസിച്ചിരുന്നത്. വൃദ്ധസദനത്തിൽ വച്ച് കൊച്ചുമകളും മുത്തശിയും കണ്ടപ്പോൾ ഇരുവർക്കും വിതുമ്പൽ അടക്കാനായില്ല. ഈ നിമിഷമാണ് ഫോട്ടോഗ്രാഫർ പകർത്തിയത്.
എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകളനുസരിച്ച് ആരും ദമയന്തിയെ വൃദ്ധസദനത്തിൽ കൊണ്ടുവിട്ടതല്ല. അവിടേക്കു പോയത് ദമയന്തിയുടെ സ്വയം തീരുമാനമായിരുന്നു. മാത്രമല്ല ഇതിനു വിശദീകരണം നൽകി ദമയന്തി തന്നെ രംഗത്തെത്തിയിരുന്നു. ബിബിസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് പതിനൊന്നു വർഷങ്ങൾ പഴക്കമുള്ള ചിത്രത്തിന്റെ കഥ പറഞ്ഞത്.
മുത്തശി വൃദ്ധസദനത്തിലാണെന്ന് അറിയാമായിരുന്നുവെങ്കിലും ഏവിടെയായിരുന്നുവെന്ന് അറിയില്ലെന്ന് ഭക്തി പറഞ്ഞു. പെട്ടന്ന് മുത്തശിയെ കണ്ടതുകൊണ്ടാണ് കരഞ്ഞു പോയതെന്നും ഭക്തി പറഞ്ഞു. ഇനിയും വൃദ്ധസദനത്തിൽ തന്നെ ജീവിതം തുടരാനാണ് ദമയന്തി ബെന്നിന്റെ തീരുമാനം.