കളമശേരി : ജാമ്യം നിന്നതിന്റെ പേരിൽ വീടും സ്ഥലവും ജപ്തി ചെയ്തതിനെതിരേ ബാങ്കിന് മുന്നിൽ പ്രതിഷേധ സമരം നടത്തി വീട്ടമ്മ. കളമശേരി നഗരസഭയുടെ മുപ്പത്തി ഒന്നാം വാർഡിലെ മാനത്തു പാടത്ത് താമസിക്കുന്ന ഷാജിയുടെ ഭാര്യ പ്രീതയാണ് എച്ച്ഡിഎഫ്സിയുടെ ഉണ്ണച്ചിറ ബ്രാഞ്ചിന് മുന്നിൽ സമരം ചെയ്തത്.
പ്രതിഷേധ സമരം പി.ടി. തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ സംസാരിച്ചു. ഷാജിയുടെ സുഹൃത്തായ ചേരാനല്ലൂർ സ്വദേശി സാജൻ രണ്ടു ലക്ഷം രൂപ ലോർഡ് കൃഷ്ണ ബാങ്കിൽ നിന്ന് 1994ലാണ് വായ്പയെടുത്തത്.ലോണിന്മേൽ ജാമ്യം നിന്നത് ഷാജിയുടെ 22 സെന്റ് വസ്തുവിന്മേലാണ്.
ലോർഡ് കൃഷ്ണ ബാങ്ക് ഏറ്റെടുത്ത എച്ച് എഫ്ഡിസി ഈ ലോണിൽ ജപ്തി നടപടികൾ സ്വീകരിക്കുകയായിരുന്നു. സ്ഥലത്തിൻെറ ഒരു ഭാഗം ഒരു തവണ വിറ്റ് പണമടച്ചത് കൂടാതെ ഇനിയും വിൽക്കാമെന്ന അഭ്യർഥന ചെവിക്കൊള്ളാതെ സ്വകാര്യബാങ്ക് ജപ്തി നടപടികൾ സ്വീകരിച്ചതായാണ് പരാതി. പകരം ഡെബ്റ്റ് റിക്കവറി ട്രെെബ്യൂണലിലെ ഉദ്യോഗസ്ഥർ ഓൺലൈൻ വഴി ഭൂമി ചിറയം സ്വദേശിക്ക് വിൽക്കുകയാണ് ചെയ്തത്.
അതിനിടയിൽ തൃക്കാക്കര അസി. കമ്മീഷണറുടെ സാന്നിധ്യത്തിൽ കളമശേരി പോലീസ് സ്റ്റേഷനിൽ സർവകക്ഷി യോഗം ഇന്നലെ നടന്നു. സ്ഥലം വിട്ടുകിട്ടുന്നതിൽ യാതൊരു തീരുമാനവും ബാങ്ക് അറിയിക്കാതിരുന്നതിനാൽ യോഗം പ്രഹസനമായി.
കഴിഞ്ഞ ദിവസം സിപിഐ യുടെ ആവശ്യപ്രകാരം ജില്ലാ കളക്ടറും വിഷയത്തിൽ ഇടപെട്ടിരുന്നു. എന്നാൽ സർഫാസി നിയമം കേന്ദ്ര സർക്കാരിൻെറ പരിധിയിൽ ആയതിനാൽ നടപടികൾ എടുക്കാനാവില്ലെന്നാണ് ജില്ലാ ഭരണകൂടത്തിൻെറ നിലപാട്. ജില്ലാ കളക്ടർ വരെ ഇടപെട്ടിട്ടും നടക്കാത്ത കാര്യം പോലീസ് വിചാരിച്ചാൽ നടക്കുമോയെന്നാണ് നാട്ടുകാരും ചോദിക്കുന്നത്.
ജാമ്യവസ്തുക്കൾ വസൂലാക്കുന്ന നിയമത്തിൽ ഭേദഗതി വേണമെന്ന് കമ്മീഷൻ
കൊച്ചി: ജാമ്യം നിന്നതിന്റെ പേരിൽ സാധുക്കളുടെ കിടപ്പാടം പോലും ജപ്തി ചെയ്യുന്ന ബാങ്കുകളുടെ ക്രൂരത അവസാനിപ്പിക്കുന്നതിന് ജാമ്യവസ്തുക്കൾ വസൂലാക്കുന്നത് സംബന്ധിച്ച് 2012ൽ പാസാക്കിയ സെക്യൂരിറ്റൈസേഷൻ നിയമത്തിൽ ആവശ്യമായ ഭേദഗതിക്ക് ജനപ്രതിനിധികൾ മുൻകൈയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
നിയമ ഭേദഗതിക്ക് വിഷയം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ കൊണ്ടുവരുന്നതിന് സംസ്ഥാന ചീഫ് സെക്രട്ടറി നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി.മോഹനദാസ് ഉത്തരവിട്ടു.
എച്ച്ഡിഎഫ്സി ബാങ്കിന്റെ ആലുവ ശാഖയിൽ രണ്ടു ലക്ഷം രൂപയ്ക്ക് ജാമ്യം നിന്നതിന്റെ പേരിൽ ഇടപ്പള്ളി സ്വദേശിനി പ്രീതാ ഷാജിയുടെ കിടപ്പാടം ബാങ്ക് ജപ്തി ചെയ്ത പശ്ചാത്തലത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്. പ്രീത ബാങ്കിന് മുന്പിൽ നിരാഹാര സത്യഗ്രഹത്തിലാണ്.
പ്രീതയുടെ വീട് ജപ്തിയിൽ നിന്നൊഴിവാക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സെക്രട്ടറി സാധ്യമായതെല്ലാം ചെയ്യണമെന്ന് കമ്മീഷൻ നിർദേശിച്ചു. ജപ്തി നടപടിയെക്കുറിച്ച് അന്വേഷിച്ച് ചീഫ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണം. എറണാകുളം ജില്ലാ പോലീസ് മേധാവി വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചശേഷം റിപ്പോർട്ട് ഫയൽ ചെയ്യണം.
ആലുവ എച്ച്ഡിഎഫ്സി ബാങ്ക് മാനേജർ ഈ മാസം 23 ന് ആലുവ ഗസ്റ്റ് ഹൗസിൽ നടക്കുന്ന കമ്മീഷൻ സിറ്റിംഗിൽ നേരിട്ട് ഹാജരാകണം.പ്രീത ഷാജിയുടെ ദുരിതം കേന്ദ്ര സർക്കാർ ഗൗരവമായെടുക്കണം. ജാമ്യം നിൽക്കുന്ന സാധുക്കളെ ബാങ്കുകൾ ദ്രോഹിക്കുന്ന സംഭവങ്ങൾ മറ്റ് സംസ്ഥാനങ്ങളിലും സാധാരണമായതിനാൽ സെക്യൂരിറ്റൈസേഷൻ നിയമത്തിൽ ഭേദഗതി വരുത്തുന്ന കാര്യം ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷന്റെ ശ്രദ്ധയിൽ സംസ്ഥാന കമ്മീഷൻ കൊണ്ടുവരും.
വായ്പ എടുത്തയാൾ തുക അടച്ചില്ലെങ്കിൽ ജാമ്യക്കാരനിൽനിന്ന് ഈടാക്കാറുണ്ടെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ സാധുക്കളുടെ കിടപ്പാടം ജപ്തി ചെയ്യുന്ന നടപടികൾ മനുഷ്യാവകാശ ലംഘനമാണ്. ബാങ്കുകളുടെ ഇത്തരം പ്രവണതകൾ അടിയന്തരമായി അവസാനിപ്പിക്കണം.
സെക്യൂരിറ്റൈസേഷൻ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് സിവിൽ കോടതികളെ സമീപിക്കാതെ ബാങ്കുകൾ പാവപ്പെട്ടവരുടെ ജാമ്യ വസ്തുക്കൾ കണ്ണിൽ ചോരമില്ലാതെ ജപ്തി ചെയ്യുന്നത്. എന്നാൽ ഇതേ നിയമത്തിന്റെ മറവിൽ വലിയ മത്സ്യങ്ങൾ രക്ഷപ്പെടുകയും പാവപ്പെട്ടവർ ബലിയാടാവുകയും ചെയ്യുമെന്ന് ഉത്തരവിൽ പറഞ്ഞു.