ന്യൂഡൽഹി: വടക്കൻ ഡൽഹിയിലെ ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേർ കൊല്ലപ്പെട്ട സംഭവത്തിൽ കുടുംബത്തിന്റെ മനോനിലയിൽ സംശയം പ്രകടിപ്പിച്ച് പോലീസ്. കുടുംബത്തിലുള്ളവർ പുറത്തുനിന്നുള്ളവരുമായി ഒരു കാര്യങ്ങളും പങ്കുവച്ചിരുന്നില്ല.
പങ്കാളിത്ത മതിഭ്രമമാണോ എന്നും സംശയമുണ്ട്. വഞ്ചനാപരമായ വിശ്വാസങ്ങൾ ഒരാളിൽനിന്നു മറ്റൊരാളിലേക്കു പകരുന്നതിനെയാണു പങ്കാളിത്ത മതിഭ്രമമെന്നു പറയുന്നത്.
ഞായറാഴ്ച രാവിലെയാണ് ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ നാരായണ് ദേവി(77)യെയാണു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.
ഇവരുടെ മകൾ പ്രതിഭ (57), ആണ്മക്കളായ ഭവ്നേഷ് (50), ലളിത് ഭാട്ടിയ (45), ഭവ്നേഷിന്റെ ഭാര്യ സവിത(48), ഇവരുടെ മൂന്നു മക്കളായ മീനു(23), നിധി(25), ധ്രുവ് (15), ലളിതിന്റെ ഭാര്യ ടിന (42), മകൾ (ശിവം), പ്രതിഭയുടെ മകൾ പ്രിയങ്ക(33) എന്നിവരാണു കൊല്ലപ്പെട്ടത്.
പത്തു പേരുടെയും മൃതദേഹം വീടിന്റെ രണ്ടാം നിലയിൽ ഇരുന്പുഗ്രില്ലിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. മൃതദേഹങ്ങളുടെയെല്ലാം കണ്ണു കെട്ടിയിരുന്നു. വായിൽ ടേപ്പു വച്ച് ഒട്ടിച്ചിരുന്നു. ഈ കേസിൽ ലളിത് ഭാട്ടിയ(45)മരിച്ച പിതാവുമായി സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വിശ്വാസം മറ്റ് കുടുംബങ്ങളിലേക്കും പകർന്നിരുന്നു. പോലീസ് പറയുന്നു.
അയൽക്കാരെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നില്ല. സംശയാസ്പദമായ 11 പൈപ്പുകൾ മൂന്നോ നാലോ മാസങ്ങൾക്കു മുന്പ് സ്ഥാപിച്ചതാണെന്നും അയൽക്കാർ പറയുന്നു.വെന്റിലേഷൻ സൗകര്യത്തിനാണ് പൈപ്പുകൾ സ്ഥാപിച്ചതെന്ന് കുടുബം പറഞ്ഞു.
പ്ലൈവുഡിന്റെ വ്യാപാരം ഉണ്ടായിരുന്നതിനാൽ രാസവസ്തുക്കളിൽനിന്ന് മാരകമായ പുകയും മറ്റും പുറത്ത് പോകാനാണ് വെന്റിലേഷൻ സ്ഥാപിച്ചതെന്നും അവർ പറഞ്ഞിരുന്നു.
തങ്ങൾ ഒരുമിച്ച് ഗുരുദ്വാരയിലൊക്കെ പോയിട്ടുണ്ടെങ്കിലും ഭാട്ടിയ കുടുംബം ഒരിക്കലും മുകളിലെ നിലയിലേക്ക് തന്നെ ക്ഷണിച്ചിരുന്നില്ലെന്ന് മറ്റൊരു വൃദ്ധ പറയുന്നു. വീട്ടിലെ കുട്ടികൾ അനുസരണ ശീലം ഉള്ളവരായിരുന്നു. ആരോടും വഴക്കിടില്ല. വ്യത്യസ്തമായിട്ടാണ് കുട്ടികളെ വളർത്തിയതെന്നും അയൽക്കാർ പറയുന്നു.
കുടുംബത്തിലുള്ളവർ അയൽക്കാരെ സഹായിക്കാൻ മുൻപന്തിയിലായിരുന്നെങ്കിലും പലരും സ്വന്തം കാര്യങ്ങൾ കുടുംബത്തിനു പുറത്തുള്ളവരോടു പങ്കുവച്ചിരുന്നില്ല. സൗഹാർദപരമായും ഉൗഷ്മളമായും പെരുമാറുമായിരുന്നെങ്കിലും എല്ലാവരും ഉള്ളിലേക്കുതന്നെ വലിഞ്ഞിരുന്നു. ഒന്നും പുറത്തുപറഞ്ഞിരുന്നില്ല.