കൊച്ചി: സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ വഴി ഓഫർ വിലയിൽ നഗരത്തിൽ ഹാഷിഷും കഞ്ചാവും വിറ്റഴിച്ചിരുന്ന സംഭവത്തിൽ പോലീസ് പിടിയിലായ രണ്ടംഗ സംഘത്തിന് ഇവ ലഭിച്ചിരുന്നതു തമിഴ്നാട് കന്പത്തുനിന്നെന്ന് പോലീസ്. പണം മുൻകൂർ നൽകിയശേഷം മാത്രം സാധനങ്ങൾ കൈമാറുന്ന കന്പം സംഘത്തെ പിടികൂടുക ദുഷ്കരമെന്നും അധികൃതർ പറയുന്നു. സംശയം തോന്നുവരുമായി ഒരു വിധത്തിലുമുള്ള ഇടപാടുകളും നടത്താത്ത കന്പം സംഘത്തിന് മുഴുവൻ പണവും ആദ്യമേ കൈമാറണം. മുന്പ് പലകുറി ഈ സംഘത്തെത്തേടി പോലീസ് സംഘം കന്പത്ത് എത്തിയിട്ടുണ്ടെങ്കിലും നിരാശയായിരുന്നു ഫലം.
സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ വഴി ഓഫർ വിലയിൽ നഗരത്തിൽ ഹാഷിഷും കഞ്ചാവും വിറ്റഴിച്ചിരുന്ന പള്ളുരുത്തി സ്വദേശി സുബിൻ (24), തൃപ്പൂണിത്തുറ കരിമുഗളിൽ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി രാജൻ സെൽവം (37) എന്നിവരെയാണ് കൊച്ചി സിറ്റി ഷാഡോ പോലീസ് പിടികൂടിയത്. വില്പനയ്ക്കായി തയാറാക്കിയ നിരവധി പാക്കറ്റ് ഹാഷിഷും കഞ്ചാവും 49,500 രൂപയും ഇലക്ട്രോണിക് ത്രാസും ഇവരിൽനിന്ന് കണ്ടെടുത്തു.
ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾക്കിടയിൽ വിൽപന നടത്താനായി സ്റ്റോക്ക് ചെയ്ത സാധനങ്ങൾ വിറ്റഴിക്കാൻ കഴിയാതിരുന്നതിനെത്തുടർന്നു സംഘം നാൽപത് ശതമാനം ഓഫറിട്ട് വിറ്റഴിക്കുകയായിരുന്നു. വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ ഗ്രൂപ്പുകൾ വഴിയായിരുന്നു വിൽപ്പന.
ലഹരി വിപണിയിൽ 20 ഗ്രാം തൂക്കം വരുന്ന 2000 രൂപ വിലയുള്ള ഒരു പാക്കറ്റ് കഞ്ചാവിന് ഓഫർ കഴിഞ്ഞിട്ട് 1200 രൂപയായിരുന്നു സംഘം ഈടാക്കിയിരുന്നത്. രാജൻ സെൽവത്തിൻറെ ഉടമസ്ഥതയിലുള്ള ഓട്ടോയിൽ നഗരത്തിൽ ചുറ്റി സഞ്ചരിച്ചായിരുന്നു വിൽപ്പന. മുന്തിയ ഇടപാടുകാർക്കിടയിൽ മാത്രമായിരുന്നു ഹാഷിഷ് വിറ്റഴിച്ചിരുന്നത്. ഡിസിപി ജെ. ഹിമേന്ദ്രനാഥിനു ലഭിച്ച വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്.