തിരുവനന്തപുരം: അറബിക്കടലിൽ ശ്രീലങ്കൻ തീരത്തു രൂപം കൊണ്ട ന്യൂനമർദം അതീതീവ്ര ന്യൂനമർദമായി പരിണമിച്ച് ഒമാൻ, യമൻ തീരത്തേയ്ക്കു നീങ്ങുകയാണെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് കേരളത്തിന്റെ ആശങ്ക വർധിപ്പിച്ച ന്യൂനമർദം കേരളത്തിൽനിന്നു വളരെ അകലെയായി. നിലവിൽ ഒമാൻ തീരത്തുനിന്നം 1340 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ ലുബാൻ ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഒമാൻ തീരത്തേക്ക് മണിക്കൂറിൽ ഏഴു കിലോമീറ്റർ വേഗത്തിലാണ് അതിതീവ്ര ന്യൂനമർദം നീങ്ങിക്കൊണ്ടിരിക്കുന്നത്.
ന്യൂനമർദത്തിന്റെ പ്രഭാവം കേരളത്തിൽ അതിതീവ്ര മഴയ്ക്കു കാരണമാകുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എന്നാൽ കാര്യമായ ആശങ്ക സൃഷ്ടിക്കാതെ ന്യൂനമർദം കേരളതീരത്തിന് വളരെ അകലേക്കു നീങ്ങിയത് ആശ്വാസമായി.
ന്യൂനമർദ ഭീതി ഒഴിഞ്ഞതിനെ തുടർന്ന് ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ പ്രഖ്യാപിച്ച തീവ്ര മഴയുടെ സൂചനയായ ഓറഞ്ച് അലർട്ട് പിൻവലിച്ചു. ഇടുക്കി, വയനാട് ജില്ലകളിൽ തിങ്കളാഴ്ചകൂടി യെല്ലോ അലർട്ട് തുടരും.
അതേസമയം കേരളത്തിൽ ചൊവ്വാഴ്ച രാവിലെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നൽകി.