കോഴിക്കോട്: പേരാന്പ്രയിലെ നിപ്പാ വൈറസ് ബാധയ്ക്കു പിന്നിൽ പഴംതീനി വവ്വാലുകളെന്നു സ്ഥിരീകരണം. ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പേരാന്പ്രയിലെ ചങ്ങരോത്ത് മേഖലയിലെ പഴംതീനി വവ്വാലുകളാണ് നിപ്പാ വൈറസിന്റെ ഉറവിടമെന്ന് ഗവേഷകർ കണ്ടെത്തിയതായി കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ അറിയിച്ചു.
ആദ്യഘട്ട പരിശോധനയ്ക്കായി ചങ്ങരോത്തുനിന്നു പിടികൂടിയ 21 വവ്വാലുകൾ പഴംതീനി വവ്വാലുകൾ ആയിരുന്നില്ല. ഇക്കാരത്തെ തുടർന്നാണ് പരിശോധനാ ഫലം നെഗറ്റീവ് ആയത്. രണ്ടാം ഘട്ടത്തിൽ മേഖലയിൽനിന്നു പിടികൂടിയ 55 വവ്വാലുകളിൽ പഴംതീനി വവ്വാലുകളും ഉൾപ്പെട്ടു. ഇവയിലാണ് നിപ്പാ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്ന് ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.
മേയ് മാസത്തിൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 17 പേരുടെ ജീവനാണ് നിപ്പാ വൈറസ് അപഹരിച്ചത്. എന്നാൽ രോഗത്തെ ചിട്ടയായ പ്രവർത്തനം കൊണ്ട് പിടിച്ചുകെട്ടാൻ ആരോഗ്യവകുപ്പിനു കഴിഞ്ഞു. കോഴിക്കോട്, മലപ്പുറം ജില്ലകളെ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി നിപ്പാ രഹിത ജില്ലകളായി പ്രഖ്യാപിച്ചിരുന്നു.