ന്യൂഡൽഹി: മറ്റൊരാളുമായുള്ള ബന്ധത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തിയ കാമുകനെ കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. ഗ്രേറ്റർ നോയിഡ സ്വദേശിനി ഡോളി ചൗധരിയാണ് അറസ്റ്റിലായത്. സുശീൽ കുമാർ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
സുശീലുമായി ഡോളിക്ക് പ്രണയബന്ധമുണ്ടായിരുന്നു. എന്നാൽ അടുത്തിടെ മോഹിത് മാവി എന്നയാൾക്കൊപ്പം ഡോളി താമസം തുടങ്ങി. നോയിഡയിൽ ഒരു ജോലിയുമായി ബന്ധപ്പെട്ടാണ് ഇരുവരും പരിചയത്തിലാകുന്നത്. ഓഗസ്റ്റ് 16-ന് സുശീലിന്റെ പിതാവ് മകനെ കാണാനില്ലെന്നു കാട്ടി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് ഡോളിയെ ചോദ്യം ചെയ്തതിൽനിന്നാണു കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.
മോഹിതുമായുള്ള ബന്ധത്തിൽ സുശീലിന് ഇഷ്ടക്കേടുണ്ടായിരുന്നു. കുറച്ചുകാലം മുന്പ് തങ്ങൾ ഒന്നിച്ചുള്ള നഗ്ന ചിത്രങ്ങൾ കാട്ടി സുശീൽ ഡോളിയെ ഭീഷണിപ്പെടുത്തി. ഡോളിയുമായുള്ള ബന്ധം മനസിലാക്കിയതിനെ തുടർന്ന് മോഹിതിന്റെ ഭാര്യ കഴിഞ്ഞമാസം ജീവനൊടുക്കിയിരുന്നു. ഭാര്യയുടെ ബന്ധുക്കളുടെ ഭീഷണിയെ തുടർന്ന് ഇരുവരും ബംഗളുരുവിലേക്ക് ഒളിച്ചോടി. എങ്കിലും സുശീലുമായി ഡോളി ബന്ധം തുടർന്നു.
മഥുരയിൽ ഡോളിയും സുശീലും കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചു. ഇതേതുടർന്ന് ഡോളി മനീഷ് ചൗധരി എന്നയാളുമായി ബന്ധപ്പെട്ടു.
മനീഷിന്റെ കൈയിൽനിന്ന് ഡോളി ഉറക്കഗുളിക വാങ്ങി കൈയിൽ കരുതി. ഓഗസ്റ്റ് 11-ന് സുശീലിനൊപ്പം മഥുരയിലെ ഹോട്ടലിൽ മുറിയെടുത്ത ഡോളി, പാനീയത്തിൽ ഉറക്കഗുളിക കലർത്തി നൽകി. മയക്കത്തിലായ സുശീലിനെ ഡോളിയും മനീഷും ചേർന്ന് യമുനാ നദിയിൽ തള്ളി കൊലപ്പെടുത്തി. വെള്ളിയാഴ്ച ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.