മഞ്ചേരി: കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്പോഴും ജില്ലയിൽ പോക്സോ കേസുകൾ കെട്ടിക്കിടക്കുന്നു. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി (ഒന്ന്) ആണ് പോക്സോ കേസുകളും കൈകാര്യം ചെയ്യുന്നത്. എന്നാൽ, ചുമതലയുണ്ടായിരുന്ന ജഡ്ജി ആലപ്പുഴ ജില്ലാ ജഡ്ജിയായി സ്ഥലം മാറി. പകരം നിയമനം നടന്നിട്ടില്ല. ഇതോടെ കേസ് നടപടികൾ തടസപ്പെട്ടു.
ദിനം പ്രതി പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു കൊണ്ടിരിക്കുന്നതിനാൽ ജില്ലയിൽ പ്രത്യേക പോക്സോ കോടതി അനുവദിക്കണമെന്ന് ജില്ലാ ബാർ അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ശിരസ്തദാർ, ജൂണിയർ സൂപ്രണ്ട്, ബെഞ്ച് ക്ലർക്ക്, നാല് ക്ലർക്ക്, രണ്ട് പ്യൂണ്, രണ്ട് ടൈപ്പിസ്റ്റ്, സ്റ്റെനോ എന്നിങ്ങനെ 12 ജീവനക്കാരുൾപ്പെടെയുള്ള കോടതി അനുവദിക്കണമെന്നാണ് ആവശ്യം. പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസ് ആക്ട് 2012 (പോക്സോ) പ്രകാരം ആയിരത്തോളം കേസുകളാണ് ഈ കോടതി കൈകാര്യം ചെയ്തുവരുന്നത്. ജില്ലയിലെ മുഴുവൻ കള്ളനോട്ടു കേസുകളും ഇതേ കോടതിയിലാണ് എത്തുന്നത്.
ജില്ലാ കോടതിയിലെത്തുന്ന നൂറുകണക്കിന് ക്രിമിനൽ കേസുകളും പരിഗണിക്കേണ്ടി വരുന്നതോടെ കോടതി പ്രവർത്തനം അവതാളത്തിലാകുന്നു. ഇത്രയധികം കേസുകൾ കൈകാര്യം ചെയ്യാൻ ജീവനക്കാരോ ഭൗതിക സാഹചര്യങ്ങളോ ഇവിടെയില്ല. ജില്ലാ കോടതി സമുച്ചയത്തിന്റെ മൂന്നാം നിലയിലാണ് കോടതി പ്രവർത്തിക്കുന്നത്.
കക്ഷികൾക്ക് ഇരിപ്പിടമോ പ്രാഥമിക സൗകര്യങ്ങളോ ഇവിടെയില്ല. പ്രതികളുമായി എത്തുന്ന പോലീസുദ്യോഗസ്ഥരും മണിക്കൂറുകളോളം കോടതി വരാന്തയിൽ നിൽക്കേണ്ട അവസ്ഥയാണ്.പോക്സോ കേസുകളിൽ പരാതിക്കാരും ഇരകളുമായവർ പ്രായപൂർത്തിയാകാത്ത കുട്ടികളായിരിക്കും. ഇവരെ പൊതുസമൂഹത്തിനു മുന്നിൽ പരസ്യമായി വെളിപ്പെടുത്തുന്നത് നിയമ വിരുദ്ധമാണ്.
എന്നാൽ കോടതിയിലെത്തുന്ന ഇവർക്ക് ഇരിക്കാനുള്ള പ്രത്യേക മുറി വേണമെന്ന നിർദ്ദേശം ഇവിടെ പാലിക്കപ്പെടുന്നില്ല.സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നത് മഞ്ചേരി കോടതിയാണ്.
പലതവണ കോടതി കയറിയിറങ്ങുന്നത് ഇരകൾക്കുണ്ടാക്കുന്ന പ്രയാസം കേസിനെ പ്രതികൂലമായി ബാധിക്കുന്നു. പലരും കേസുമായി മുന്നോട്ടു പോകാൻ മടി കാണിക്കുന്നു. പല കേസുകളും ഒത്തു തീർപ്പിലെത്തുന്നത് ഇതുമൂലമാണ്.