മൂന്നു വയസുള്ള കുട്ടി നിർത്താതെ കരഞ്ഞതിന്റെ പേരിൽ ഇന്ത്യൻ കുടുംബത്തെ വിമാനത്തിൽ നിന്ന് ബ്രിട്ടീഷ് എയർവേസ് പുറത്താക്കി. ജൂലൈ 23ന് ലണ്ടനിൽ നിന്നും ബെർലിനിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിൽ നിന്നാണ് പുറത്താക്കിയത്. സീറ്റ് ബെല്‍റ്റ് ഇട്ടതിലുള്ള അസ്വസ്ഥതയെ തുടർന്നു കുട്ടി കരഞ്ഞതിനെ തുടർന്നായിരുന്നു പുറത്താക്കൽ.
വിമാനം ടേക്ക് ഓഫിന് ഒരുങ്ങുമ്പോഴായിരുന്നു കുട്ടി കരച്ചിൽ തുടങ്ങിയത്. കുട്ടിയെ സമാധാനിപ്പിക്കാൻ രക്ഷിതാക്കൾ ശ്രമിക്കുന്നതിനിടെ ജീവനക്കാരിൽ ഒരാൾ എത്തി പരുഷമായി പെരുമാറി. എന്നാൽ കുട്ടി കരച്ചിൽ തുടർന്നതോടെ വിമാനം ടെര്‍മിനലിലേക്ക് തന്നെ തിരിച്ച് വിട്ട ശേഷം കുടുംബത്തെ പുറത്താക്കുകയായിരുന്നു. കുഞ്ഞിന്റെ കരച്ചിൽ മാറ്റാൻ സഹായിച്ച മറ്റൊരു ഇന്ത്യൻ ദമ്പതികളെയും ബലംപ്രയോഗിച്ച് ഇറക്കിവിട്ടു.
ബ്രിട്ടീഷ് എയര്‍വേസിലെ ജീവനക്കാർ തങ്ങളെ വംശീയപരമായി അവഹേളിച്ചുവെന്നാരോപിച്ച് കുട്ടിയുടെ പിതാവ് ഇന്ത്യൻ കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് പരാതി നൽകി. പരാതിയെ ഗൗരവത്തോടെ കാണുന്നതായും അന്വേഷണം നടത്തുമെന്നും ബ്രിട്ടീഷ് എയർവേസ് അറിയിച്ചു.