ഇവിടെ ഞങ്ങൾക്ക് സുഖമാണ്, പക്ഷേ….
ഒറ്റ രാത്രി കൊണ്ട് സന്പാദ്യമെല്ലാം പുഴ ഒഴുക്കിക്കൊണ്ടു പോയവരെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കാനാകും? സഹായം എത്തിക്കാൻ താമസിച്ചുപോയതിന്റെ കുറ്റബോധത്തോടെയാണ് ഞങ്ങൾ തലയോലപ്പറന്പിലെ ദുരിതാശ്വാസ ക്യാന്പിൽ എത്തിയത്. ഏതാണ് 300 പേർ ഇവിടെയുണ്ടാകും. അന്തേവാസികളുടെ സംരക്ഷണച്ചുമതല നിർവഹിക്കാൻ പോലീസ് കാവലുണ്ടായിരുന്നു.
ദേവസ്വം ബോർഡ് കോളജിന്റെ വിശാലമായ വരാന്തകളിൽ നിരത്തിയിട്ട ബെഞ്ചുകളിൽ അന്തേവാസികൾ കൂട്ടംകുടിയിരിക്കുന്നു. ഒരു ഭാഗത്ത് ഭക്ഷണപ്പുര, വലിയ വാർപ്പിൽ ചോറ് വേവുന്നു. ചെറുപ്പക്കാർ സാന്പാറിനുള്ള പച്ചക്കറി അരിയുന്നു. ഒരു പുണ്യകർമം നിർവഹിക്കുന്നതിലുള്ള സംതൃപ്തി ആ മുഖങ്ങളിലുണ്ട്.
പലതരം കളികളിൽ വ്യാപൃതരായ കുട്ടിക്കൂട്ടങ്ങൾ. ഫുട്ബോൾ കളിക്കുന്ന മുതിർന്ന കുട്ടികളുടെ സംഘം. അവധിക്കാലത്ത് എൻഎസ്എസിന്റെയും മറ്റും ആഭിമുഖ്യത്തിൽ കോളജിലും സ്കൂളിലുമൊക്കെ നടത്താറുണ്ടായിരുന്ന അവധിക്കാല ക്യാന്പുകൾ ഓർമയിലെത്തി.സ്ത്രീകൾ കൂട്ടം കൂടിയിരുന്ന് സംസാരിക്കുന്നു. സൗഹൃദഭാവത്തിൽ തോളിൽ കൈയിട്ട് സ്വകാര്യങ്ങൾ പറഞ്ഞ് ചിരിക്കുന്ന ചിലർ.
ഉണ്ട്, അവർക്കും ഓണം
എല്ലാവരും പുത്തൻ വസ്ത്രങ്ങളിലാണ്. പ്രളയവാർത്തകളിൽ ദുരന്തം മാത്രം കണ്ട് ഓണം മറന്നുവെങ്കിലും ഇവരെ കണ്ടപ്പോൾ ഓണക്കോടി ഓർത്തുപോയി. കോടിവസ്ത്രങ്ങളണിഞ്ഞ് സ്ത്രീ പുരുഷന്മാർ. പൂക്കളമൊരുക്കാൻ മുറ്റവും സദ്യയുണ്ടാക്കി വിളന്പാൻ വീടുമില്ലാത്തവർ. ദുരന്തമുഖത്തുനിന്ന് ജീവനോടെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലായിരുന്നു പലരും. വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളുമായി ചെന്ന ഞങ്ങളെ നിറചിരിയോടെയാണ് അവർ എതിരേറ്റത്. പലരുടെയും വീടുകൾ ഇപ്പോഴും വെള്ളത്തിലാണ്.
മുട്ടറ്റം ചെളിനിറഞ്ഞ വീടുകൾ വൃത്തിയാക്കാൻ പോയതാണ് കുറേപ്പേർ. രാവിലെ ക്യാന്പിൽനിന്ന് ഭക്ഷണം കഴിച്ച്, ഉച്ചഭക്ഷണപ്പൊതിയുമായി പോയവർ വൈകുന്നേരം തിരിച്ചെത്തും. വൃത്തിയാക്കാൻ വീട് അവശേഷിക്കാത്തവരെയും കണ്ടു. ക്യാന്പിൽ സ്നേഹസാന്ദ്രമായ അന്തരീക്ഷത്തിൽ അവർ പൂർണമായും തൃപ്തരായിരുന്നു. സമൃദ്ധമായി നല്ല ഭക്ഷണവും ഭയമില്ലാതെ ഉറങ്ങാൻ ഇടവും. മൂന്നു ജോഡി പുതിയ വസ്ത്രങ്ങളും കിട്ടിയത് അവർ നന്ദിപൂർവം സ്മരിച്ചു. അതിന്റെ സന്തോഷത്താൽ വൃദ്ധരുടെ കണ്ണുകൾ ആർദ്രമായി.
വീണ്ടും ഭാവിയെക്കുറിച്ചുള്ള ഭയാശങ്കകളും അനിശ്ചിതത്വവും മിഴികളിൽ നിറയുന്നു. ഒരുകൂട്ടം ചോദ്യചിഹ്നങ്ങളായി അവർ നമുക്കു മുന്നിൽ യാഥാർഥ്യമായി നൽക്കുന്നു. ഇനി എവിടേക്ക് പോകും?. വൃദ്ധരായ ഞങ്ങളുടെ വീടുകൾ പൂർവസ്ഥിതിയിലെത്തിക്കാൻ ആരെങ്കിലും സഹായിക്കുമോ? നഷ്ടപ്പെട്ട രേഖകളും സർട്ടിഫിക്കറ്റുകളും വീണ്ടും കിട്ടുമോ? അരിവയ്ക്കാനുള്ള കലം മുതൽ എല്ലാം ഒഴുകിപ്പോയപ്പോൾ ബാക്കിയായ ഈ ജീവിതത്തിൽ എന്നാണിനി സ്വസ്ഥതയുണ്ടാകുന്നത്?….
ആശ്വാസം ഇനിയുമകലെ
ഞങ്ങൾക്ക് ഇത്തരം കൊടുക്കാനാവാതെ നിർക്കേണ്ടിവന്നു. സഹായിക്കാൻ ഞങ്ങളെപ്പോലെ കുറേപ്പേർ ഉണ്ട് എന്നും സർക്കാരിന്റെ പിന്തുണ ഉണ്ടാവുമെന്നും എല്ലാം പഴയപടി ആവുമെന്നു പറഞ്ഞ് ആശ്വസിപ്പിക്കാൻശ്രമിച്ചു. കൊണ്ടുപോയ സാധനങ്ങൾ സ്വീകരിയ്ക്കും മുൻപ് അവ എന്തൊക്കെയെന്ന് അധികൃതർ അന്റ്വേഷിച്ചു. അവരുടെ സ്റ്റോക്ക് റൂമിൽ കുറവുള്ള സാധനങ്ങൾ മാത്രം സ്വീകരിക്കുകയും രജിസ്റ്ററിൽ കുറിക്കുകയും ചെയ്തു. ബാക്കിയുള്ളവ അടുത്ത ക്യാന്പിൽ നൽകാൻ ആവശ്യപ്പെട്ട് വഴിയും പറഞ്ഞുതന്നു.
ഒരു ക്ലാസ്മൂറിൽ നാലു കുടുംബങ്ങൾ
അടുത്ത ക്യാന്പ് സ്കൂളിലാണ് എജെ ജോൺ മെമ്മോറിയൽ ഗേൾസ് എച്ച്എസ്എസ് തലയോലപ്പറന്പ്. അവിടെയും കാഴ്ചകൾ മുൻപത്തേതുതന്നെ. മുഖങ്ങൾ മാത്രം വ്യത്യസ്തം. തെളിഞ്ഞ വെയിലിൽ വസ്ത്രങ്ങൾ ഉണക്കുന്ന അമ്മമാർ. മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ ഒന്നുമറിയാതെ ഉറങ്ങുന്നു. ക്യാന്പിലെ കാര്യങ്ങളെക്കുറിച്ച് കോ-ഓർഡിനേറ്റർ വിവരിച്ചു. അവിടെയും എല്ലാവരും തൃപ്തരായി കാണപ്പെട്ടു. കൊണ്ടുപോയ സാധനങ്ങളെല്ലാം അവർക്കാ ആവശ്യമായിരുന്നു.
ആദ്യം ചെല്ലേണ്ടിയിരുന്ന ക്യാന്പ് അതായിരുന്നു എന്ന് തോന്നി.എസ്പിസി കുട്ടികളും അന്തേവാസികളായ ചില പെൺകുട്ടികളും കാര്യക്ഷമമായിത്തന്നെ പ്രവർത്തിക്കുന്നതുകണ്ടു. ഓരോ ക്ലാസ് മുറിയിലും നാല് കുടുംബങ്ങൾ വീതം കഴിയുന്നു. ഒരു കൂട്ടുകുടുംബത്തിലേക്ക് ചെന്നുകയറി അനുഭവമാണ് ഞങ്ങൾക്കുണ്ടായത്. ക്യാന്പിൽ ആദ്യം രണ്ടായിരത്തോളം പേർ ഉണ്ടായിരുന്നു. വെള്ളം ഇറങ്ങിയതിനെത്തുടർന്ന് പലരും തിരിച്ചുപോയി. അവശേഷിക്കുന്നത് എഴുന്നൂറോളം അന്തേവാസികൾ.
അടുത്ത ദിവസത്തേക്ക് കറിവയ്ക്കാനുള്ള സാധനങ്ങളുടെ ലിസ്റ്റ് വരെ തയാറാണ്. എത്ര കരുതലോടെയാണ് അന്തേവാസികളുടെ കാര്യങ്ങൾ ചുമതലപ്പെട്ടവർ നിർവഹിക്കുന്നത്. അദ്ഭുതം തോന്നി. അവരെ അഭിനന്ദിച്ചേ മതിയാകൂ. വെള്ളത്തിലകപ്പെട്ടവരെ രക്ഷിച്ചുകൊണ്ടുവരുന്നവർ മാത്രം മാധ്യമശ്രദ്ധ നേടിയപ്പോൾ ഇത്തരം ക്യാന്പുകളിലെ ചുമതലക്കാരും സ്തുത്യർഹ സേവനമാണ് കാഴ്ചവയ്ക്കുന്നതെന്ന് നാം വിസ്മരിച്ചോ? ആ സേവനം അവർ തുടരുകയും ചെയ്യുന്നു.
പൂർണ മനസോടെ, യഥാർഥ സമൂഹ്യസേവനം ഇതാണ്. പലരുടെയും വീടുകൾ താമസയോഗ്യമല്ലെന്ന സത്യം നിലനിൽക്കുന്പോഴും കിട്ടിയ സൗകര്യങ്ങളിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നവർ. അവരുടെ വലിയ നഷ്ടങ്ങളെ മറയ്ക്കാനോ നികത്താനോ നമ്മുടെ ചെറിയ സഹായങ്ങൾകൊണ്ട് കഴിയുമോ?
വേണം പുനരധിവാസം
ഇനി കേരളം ചിന്തിക്കേണ്ടത് അവരുടെ പുനരധിവാസത്തെക്കുറിച്ചാണ്. എത്രയും പെട്ടെന്ന് വാസസ്ഥാനങ്ങളൊരുക്കണം. നമ്മുടെ പട്ടാളക്കാർ ഒരുക്കും വിധം താൽക്കാലിക ആവാസസ്ഥാനങ്ങളെങ്കിലും നിർമിക്കണം. സർക്കാരിനു മാത്രമല്ല, സംഘടനകൾക്കും കൂട്ടായ്മകൾക്കും എല്ലാം ഇനിയും ഒരുപാട് ചെയ്യാനുണ്ട്. ജീവൻ രക്ഷിക്കുക എന്നത് പ്രഥമ നടപടി മാത്രം. ആ ജീവനുകൾ നിലനിർത്താൻ മാനസികവും സാന്പത്തികവുമായ എല്ലാ പിന്തുണയും നമ്മൾ നൽകണം. ഇല്ലെങ്കിൽ ഇതിലും ഭയാനകമായ കാഴ്ചകൾ നാം കാണേണ്ടിവരും.
ചെയ്ത സഹായം എത്രയോ ചെറുത് എന്ന ചിന്തയോടെയാണ് തിരികെ വണ്ടിയിൽ കയറിയത്.വീട്ടിൽ വെള്ളം കയറിയപ്പോൾ പതിമൂന്നു പശുക്കളെയുംകൊണ്ട് ടെറസിൽ കയറിനിന്ന് വെള്ളപ്പൊക്കത്തെ തോൽപിച്ച ദന്പതികളെയും സന്ദർശിച്ചു. ചുറ്റുമുള്ളവരെല്ലാം വീടൊഴിഞ്ഞുപോയപ്പോഴും ഓമനിച്ചു വളർത്തുന്ന മൃഗങ്ങളെ കൈയഴിയാൻ മനസനുവദിക്കാത്തവർ. അവശ്യവസ്തുക്കളെല്ലാം മുകൾനിലയിൽ കയറ്റി നാലുദിവസം ജീവൻ നിലനിർത്തി.
രാത്രികളിൽ ഇരന്പിയൊഴുകുന്ന മൂവാറ്റുപുഴയാറിന്റെ രൗദ്രതാളം കന്നുകാലികളെപ്പോലും ഭയപ്പെടുത്തി. അടുത്ത വീടുകളിൽ നിന്നു പലരും ഒഴുകിപ്പോവുന്നത് നിസഹായതോടെ നോക്കിനിന്നു. വാർത്തകളറിയാൻ മാർഗമില്ലാത്തതിനാൽ കേരളത്തെ വിഴുങ്ങിയ പ്രളയക്കെടുതി അറിഞ്ഞത് വെള്ളമിറങ്ങിയതിനുശേഷം മാത്രം.
പ്രളയത്തിൽ ദുരിതമനുഭവിച്ചവർക്കും അവരെ രക്ഷപെടുത്തിയവർക്കും ഇതെല്ലാം പൊതുജനമധ്യത്തിൽ എത്തിച്ച മാധ്യമപ്രവർത്തകർക്കും ഇനിയും ഒരുപാട് പറയാനുണ്ടാവും… കേട്ടാലും കേട്ടാലും തീരാത്ത കഥകൾ… അല്ല അനുഭവക്കുറിപ്പുകൾ. നമുക്കും കാതോർക്കാം.. സ്നേഹിക്കാനും സഹായിക്കാനും ഇനിയും കൈകോർക്കാം.
തയാറാക്കിയത് ശ്രീജ ഗോപകുമാർ
ഏറത്തുരുത്തിയിൽ ഇല്ലം
മരങ്ങാട്ടുപിള്ളി ആണ്ടൂർ നിവാസികൾ തലയോലപ്പറന്പിലെ വിവിധ ക്യാന്പുകളിൽ സഹായമെത്തിക്കാ നെത്തിയപ്പോൾ കണ്ട കാഴ്ചകളിലൂടെ…