പേഷ്യന്റ് സീറോ-അങ്ങനെയായിരുന്നു അയാളെ വിളിച്ചിരുന്നത്. ലോകം വെറുപ്പോടെ കണ്ടിരുന്ന എയ്സ് എന്ന രോഗത്തെ അമേരിക്കയിലെത്തിച്ച ദ്രോഹി. ഇന്നലെവരെ അമേരിക്കക്കാര്‍ ഗേറ്റന് ഡുഗസിനെ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. എന്നാല്‍ ശാസ്ത്രം ഒടുവില്‍ തിരുത്തിയിരിക്കുന്നു. ഡുഗസല്ല അമേരിക്കയിലേക്ക് എയ്ഡ്സിനെ എത്തിച്ചതത്രേ! ചരിത്രത്തില്‍ ഏറ്റവും വേട്ടയാടപ്പെട്ട രോഗി കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ആ വാര്‍ത്ത കേള്‍ക്കാന്‍ അയാളില്ലാതെ പോയി.
എയര്‍ കാനഡയുടെ ഫ്ളൈറ്റ് അറ്റന്‍ഡറായിരുന്നു ഡൂഗാസ്. അമേരിക്കയില്‍ ആദ്യമായി എച്ച്ഐവി വൈറസ് പകര്‍ത്തിയത് ഡുഗസ് അല്ലെന്നു വ്യക്തമാക്കിയത് അരിസോണ സര്‍വകലാശാലയാണ്. അക്കാലത്ത് മാധ്യമങ്ങളടക്കം ഡുഗസിനെ കുറ്റപ്പെടുത്തിയിരുന്നു. ടൈം മാസികയുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ഡുഗാസിന്റെ ദുശ്ശീലങ്ങളെ വിമര്‍ശിച്ചിരുന്നു. അക്കാലത്ത് ന്യൂയോര്‍ക് പോസ്റ്റ്് ആകട്ടെ അമേരിക്കയിലേക്ക് എയ്ഡ്സ് കൊണ്ടുവന്ന മനുഷ്യന് എന്ന തലക്കെട്ടോടെ വലിയ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. കരീബിയന്‍ രാജ്യങ്ങളിലെ വേശ്യതെരുവില് നിന്നാണ് തനിക്ക് രോഗം പകര്‍ന്നതെന്നു ഡുഗസ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എല്ലാ അപമാനവും പേറി 1984 ല്‍ 31 ാം വയസില്‍ ഇയാള്‍ മരണത്തിന് കീഴടങ്ങി.