കോഴിക്കോട്: മാമുക്കോയയ്ക്കു മരണാനന്തരം മലയാള സിനിമ അർഹിച്ച ആദരം നൽകിയില്ലെന്നു വിവാദം. സോഷ്യല്‍ മീഡിയകളിലും സിനിമാരംഗത്തുള്ള ഒരു വിഭാഗവും ആരോപണം ശരിവയ്ക്കുന്നു.
പലരും വരുമെന്നു കരുതിയെന്നും വന്നില്ലെന്നുമുള്ള ആക്ഷേപവുമായി കോഴിക്കോട്ടുകാരന്കൂടിയായ സംവിധായകന് വി.എം. വിനു രംഗത്തെത്തി. ടൗണ്‍ഹാളില്‍ നടന്ന അനുസ്മരണയോഗത്തിലായിരുന്നു വി.എം. വിനുവിന്റെ പരാമര്‍ശം.
എറണാകുളത്തുപോയി മരിച്ചിരുന്നുവെങ്കില്‍ കൂടുതല്‍ പേര് എത്തിയേനെയെന്നും താന്‍ എറണാകുളത്തുപോയി മരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
അനുസ്മരണ സമ്മേളനത്തിൽ സംസാരിച്ച ആര്യാടൻ ഷൗക്കത്തും ഇക്കാര്യം ചൂണ്ടിക്കാട്ടി. മാമുക്കോയ നൽകിയ സ്നേഹം മലയാള സിനിമാ ലോകത്തിനു തിരിച്ചു നൽകാൻ ആയില്ലെന്നാണ് ആര്യാടൻ ഷൗക്കത്ത് പറഞ്ഞത്.
കോഴിക്കോട് ടൗണ്‍ഹാളില്‍ ബുധനാഴ്ച വൈകുന്നേരം മൃതദേഹം പൊതുദര്‍ശനത്തിനായി വച്ചപ്പോള്‍ സിനിമാമേഖലയിൽനിന്നു സത്യന് അന്തിക്കാട് മാത്രമാണ് എത്തിയത്.
നാടക-സാംസ്കാരികരംഗത്തെ പ്രമുഖര്‍ കൂട്ടത്തോടെ പ്രിയനടനെ ഒരുനോക്ക് കാണാനായി ഒഴുകിയെത്തിയപ്പോഴായിരുന്നു പ്രമുഖ സിനിമാ താരങ്ങളുടെ അഭാവം ശ്രദ്ധിക്കപ്പെട്ടത്.
മാമുക്കോയയും സത്യന് അന്തിക്കാടും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അതിനാല്‍ത്തന്നെ അദ്ദേഹം മാമുക്കോയയെ അവസാനമായി കാണാന്‍ ടൗണ്‍ഹാളില്‍ എത്തി.
താരസംഘടനയായ അമ്മയെ പ്രതിനീധികരിച്ച് ഇടവേള ബാബു വീട്ടിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. നടൻ ജോജു ജോർജ്, ഇർഷാദ്, നീരജ് മാധവ്,വിനോദ് കോവൂർ, മുസ്തഫ, സുരഭി തുടങ്ങിയവരും രണ്ടുദിവസങ്ങളിലായിഅന്തിമോപചാരം അർപ്പിച്ചിരുന്നു.
അതേസമയം മമ്മൂട്ടിയും മോഹന്‍ലാലും ഫോണില്‍ വിളിച്ചിരുന്നതായി മകന് നാസര്‍ പ്രതികരിച്ചു. മോഹൻലാൽ അവധി ആഘോഷത്തിനായി കുടുംബത്തോടൊപ്പം കൊറിയയിലും മമ്മൂട്ടി ഉംറ നിർവഹിക്കാൻ മക്കയിലേക്ക് തിരിച്ചതുമാണു കോഴിക്കോട്ടെത്താത്തതിനു കാരണമെന്നറിയുന്നു.