‘കോഴിക്കോട്: പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ എസ്സിഇആർടി പുസ്തക പാഠഭാഗം എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തെക്കുറിച്ചു വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പ്രചരിക്കുന്ന ഭാഗം പൊതുവിഭ്യാസ വകുപ്പിന്റെ ഭാഗമായുള്ള പാഠപുസ്തകമല്ലെന്ന് മന്ത്രി അറിയിച്ചു.
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്സി ഇആർടി ഒരു ക്ലാസിലും ഇത്തരം പാഠപുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല. 2013 മുതൽ ഒരേ പാഠപുസ്തകങ്ങളാണ് കേരളത്തിലെ വിദ്യാലയങ്ങളിൽ ഉപയോഗിക്കുന്നത്.
കേരളത്തിന്റെ പാഠപുസ്തകം എന്ന പേരിൽ പ്രചരിപ്പിച്ചു തെറ്റിദ്ധാരണ പരത്തി സമൂഹത്തിൽ വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഒരു മലയാള പാഠപുസ്തകത്തിന്റെ ഒന്നാം പാഠത്തിൽ മഴയുമായി ബന്ധപ്പെട്ടുള്ള ഭാഗങ്ങൾ പോലെ തോന്നിപ്പിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രം.
ഈ ചിത്രം ഉപയോഗിച്ച് സർക്കാറിനും വിദ്യാഭ്യാസ വകുപ്പിനുമെതിരേ വ്യാപക വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി വിശദീകരണവുമായി എത്തിയിരിക്കുന്നത്.