ഹെഡ്സെറ്റ് വച്ച് പാട്ടുകേൾക്കുക എന്നത് ആളുകളുടെ വിനോദമാണ്. ചെവിക്കുള്ളിൽ വയ്ക്കുന്ന ബുള്ളറ്റ് ടൈപ്പ് ഹെഡ്ഫോണും ചെവിക്ക് വയ്ക്കുന്ന ഹെഡ്ഫോണും വിപണികളിൽ ലഭ്യമാണ്.
ഹെഡ്സെറ്റിൽ പാട്ടുകേൾക്കുക എന്നത് ഒള്ളി ഹര്സ്റ്റിന്റെയും വിനോദമായിരുന്നു.
ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ പ്ലംബിംഗ് ജോലിക്കാരാനാണ് ഒള്ളി ഹര്‍സ്റ്റ്. പതിവുപോലെ ഹെഡ്സെറ്റ് എടുത്ത് ചെവിയിൽ വച്ച ഹർസ്റ്റിന് ഒരു സംശയം- ചെവിയിൽ എന്തോ തടയുന്നില്ലേ?
സംശയം തീർക്കാൻ ഹെഡ്സെറ്റ് പരിശോധിച്ച ഹർസ്റ്റ് അക്ഷരാർഥത്തിൽ ഞെട്ടി. ഹെഡ്സെറ്റിൽ ഒരു ഭീമൻ ചിലന്തി!
ഹന്റ്സ്മെന്‍ ഇനത്തിലുള്ള ഒരു ചിലന്തിയായിരുന്നു അത്. ഈ ചിലന്തിയുടെ രൂപം കാണുന്പോൾതന്നെ പേടിതോന്നും. ചെവി മൂടാനായുള്ള ഹെഡ്സെറ്റിലെ ഭാഗത്തിനുള്ളിലായിരുന്നു ഭീമന് ചിലന്തി ഒളിച്ചിരുന്നത്.
ഹെഡ്സെറ്റ് കുടഞ്ഞ് ചിലന്തിയെ ഓടിക്കാനുള്ള ശ്രമം ഫലം കണ്ടില്ലെന്നാണ് യുവാവ് പറയുന്നത്. പല തവണ ശ്രമിച്ചിട്ടും ചിലന്തി പോകാത്തതിനാല്‍ ഒടുവിൽ ഹെഡ്സെറ്റ് യുവാവ് ഉപേക്ഷിച്ചു.
പുതിയ ഹെഡ്സെറ്റ്, ഹെല്‍മെറ്റ്, തുണികള്‍ എന്നിവയില്‍ ചിലന്തികള്‍ കാണാനുള്ള സാധ്യതയുണ്ട് അതിനാല്‍ പരിശോധിച്ച ശേഷമേ ഉപയോഗിക്കാവൂവെന്നാണ് യുവാവിന്റെ ഉപദേശം.
ഇത്തരം ചിലന്തികളുടെ കടിയേല്‍ക്കുന്നത് മരണ കാരണം ആകില്ലെങ്കിലും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.