സുഗമമായ ശ്വാസോച്ഛാസത്തിനായി ഒരാൾ കത്തി തലയിൽ കുത്തിയിറക്കി. റഷ്യൻ സ്വദേശിയായ ഒരാളാണ് ഇത്തരം പ്രവൃത്തി ചെയ്ത് ഏറെ അമ്പരപ്പ് സൃഷ്ടിച്ചത്. തലയോട്ടിയിലേക്ക് ഏകദേശം എട്ട് ഇഞ്ച് നീളത്തിലാണ് കത്തി താഴ്ന്നിറങ്ങിയത്.
റഷ്യയിലെ റോസ്റ്റോവ് റീജിയണിലെ ഡണ്ടെസ്ക്ക് എന്ന സ്ഥലത്തു നിന്നുമാണ് അദ്ദേഹത്തെ പോലീസ് കണ്ടെത്തിയത്. തുടർന്ന് അദ്ദേഹത്തെ ചോദ്യം ചെയ്തപ്പോഴാണ് മൂക്കിൽ കൂടി ശ്വസിക്കുവാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. തലയിൽ കത്തികൊണ്ട് കുത്തുമ്പോൾ മറ്റൊരു തുള ഉണ്ടാകുമെന്നും ഇതുവഴി എനിക്ക് സുഗമമായി ശ്വസിക്കുവാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞത്.
എന്നാൽ കത്തി തലയിൽ കുത്തിയിറക്കിയതിനു ശേഷം ഉൗരാൻ നോക്കിയെങ്കിലും അതിനു സാധിച്ചില്ലെന്നും അദ്ദേഹം പോലീസിനോട് പറഞ്ഞു. കത്തി എട്ടിഞ്ചോളം ആഴത്തിൽ തലയോട്ടിയിൽ പ്രവേശിച്ചുവെങ്കിലും അദ്ദേഹത്തിന് യാതൊരുവിധത്തിലുമുള്ള ആരോഗ്യപ്രശ്നങ്ങളുള്ളതായി കണ്ടെത്താനായില്ലെന്ന് പരിശോധനയ്ക്കു ശേഷം ഡോക്ടർമാർ അറിയിച്ചു. എന്നാൽ ഈ കത്തി പുറത്തെടുക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. കാരണം ഇപ്രകാരം ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.
തലയിൽ തറച്ചിരിക്കുന്ന കത്തിയുമായി അദ്ദേഹം നിലത്തിരിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറുകയാണ്. ഡണ്ടെസ്ക്കിലെ ഒരു ഫാക്ടറി ജീവനക്കാരനാണ് ഈ നാൽപ്പത്തിയൊന്നുകാരൻ.