കുളത്തൂപ്പുഴ: നിര്‍മാണസമയത്ത് കമ്പനികള്‍ സ്ഥാപിച്ചട്ടുള്ള ഹെഡ് ലൈറ്റിനു പുറമെ പ്രകാശ തീവ്രതയേറിയ എല്‍ഇഡി.ലൈറ്റുകള്‍ സ്വകാര്യ വാഹനങ്ങളില്‍ അധികമായി ഉപയോഗിക്കുന്നത് വഴിയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നതായി ആക്ഷേപം.
കിഴക്കന്‍ മേഖലയില്‍ സ്വകാര്യകാറുകളിലും ഇരുചക്ര വാഹനങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ എല്‍ഇഡി. ലൈറ്റുകള്‍ അധികമായി ഉപയോഗിക്കുന്നത്. എതിരെയെത്തുന്ന വാഹന ഡ്രൈവര്‍മാരുടെ കാഴ്ചയെ തടസ്സപ്പെടുത്തുന്ന തരത്തില്‍ ഉയര്‍ന്ന പ്രകാശ തീവ്രതയുള്ള ലൈറ്റുകളാണ് പല വാഹനങ്ങളിലും ഉപയോഗിക്കുന്നത്.
ഒാരോ വാഹനങ്ങളിലും സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള പ്രകാശമുള്ള ലൈറ്റുകള്‍ സ്ഥാപിച്ചാണ് കമ്പനികള്‍ വാഹനങ്ങള്‍ വില്പനക്കെത്തിക്കുന്നത്. എന്നാല്‍ ഈ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് സ്വകാര്യ വാഹനങ്ങളില്‍ ഇടത്തും വലത്തുമായി പ്രകാശ തീവ്രതയേറിയ രണ്ടും മൂന്നും എല്‍.ഇ.ഡി. ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്.
നിരവധി ബുള്ളറ്റുകളിലും ഒാട്ടോറിക്ഷകളിലും ഇത്തരം ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഹെഡ് ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാതെ എല്‍.ഇ.ഡി. ലൈറ്റുകള്‍ മാത്രം പ്രകാശിപ്പിച്ച് നിരത്തുകളിലൂടെ പായുന്ന ഇത്തരക്കാര്‍ എതിരെയെത്തുന്ന വാഹനങ്ങള്‍ക്ക് ലൈറ്റ് ഡിം ചെയ്തു നല്‍കാനും തയാറാകുന്നില്ല. ഇവർക്കെതിരെ അധികൃതര്‍ കണ്ണടക്കുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.